
ക്രൈസ്തവജീവിതത്തിനുള്ള മികച്ച ആയുധമായ പ്രാർത്ഥനയെക്കുറിച്ച് പരിശുദ്ധ അമ്മയിൽ നിന്ന് പഠിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. മേയ് രണ്ടിന് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിൽ, പ്രാർത്ഥനയാണ് ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും മികച്ച ആയുധമെന്ന് നമുക്ക് അമ്മയിൽ നിന്നു പഠിക്കാം. പ്രാർത്ഥനയിൽ സ്ഥിരോത്സാഹമില്ലാതെ തിന്മയുടെ മേൽ വിജയം സാധ്യമല്ല”- പാപ്പാ പറഞ്ഞു. ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വേണ്ടി എന്നും ജപമാല ചൊല്ലണമെന്നും പരിശുദ്ധ പിതാവ് മേയ് ഒന്നിന് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഉക്രൈനിൽ ദുരിതമനുഭവിക്കുന്നവരെ ഓർത്ത് താൻ വേദനിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മേയ് മാസത്തിലെ പാപ്പായുടെ പ്രാർത്ഥനാനിയോഗവും വത്തിക്കാൻ പുറത്തുവിട്ടിരുന്നു. യുവജനങ്ങളുടെ വിശ്വാസരൂപീകരണമാണ് ഈ മാസത്തിലെ പാപ്പായുടെ പ്രാർത്ഥനാനിയോഗം.