ക്രൈസ്തവൻ ഒരിക്കലും പ്രാർത്ഥന അവഗണിക്കരുത്: മാർപാപ്പ

ഒരു ക്രൈസ്തവന്റെ പ്രഥമ ദൗത്യം പ്രാർത്ഥിക്കുകയാണെന്ന് ഓർമ്മപ്പെടുത്തി മാർപ്പാപ്പാ. വിശുദ്ധ ബ്രിഡ്ജിറ്റിൻറെ പരിശുദ്ധതമ രക്ഷകൻറെ സന്ന്യാസിനി സമൂഹത്തിൻറെയും, കൊമ്പോണിയൻ പ്രേഷിതകളുടെ സന്ന്യാസിനി സമൂഹത്തിൻറെയും പൊതുയോഗങ്ങളിൽ (ജനറൽ ചാപ്റ്റർ) സംബന്ധിക്കുന്നവരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്തപ്പോഴാണ് മാർപ്പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

തന്റെ തിരക്കുപിടിച്ച ഗൗരവതരമായ കടമകൾക്കിടയിൽ പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ക്രൈസ്തവന്റെ, സമർപ്പിതന്റെ, വൈദികൻറെ, മെത്രാൻറെ പ്രഥമ കടമ പ്രാർത്ഥനയാണ് എന്നതിന് ഉത്തമ സാക്ഷ്യമേകിയെന്ന് പാപ്പാ അനുസ്മരിച്ചു. വ്യക്തിപരമായ പ്രാർത്ഥന യാതൊരു കാരണവശാലും അവഗണിക്കരുതെന്നും ഈ വിശുദ്ധൻ കാട്ടിത്തരുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.

ദൈവജനത്തോടുള്ള അടുപ്പമായിരുന്നു വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ മറ്റൊരു സവിശേഷതയെന്ന് അനുസ്മരിച്ച പാപ്പാ, ജനങ്ങളുമായുള്ള അടുത്തിടപഴകാനുള്ള ശ്രമത്തിലും സകലരുടെയും അതായത്, വലിയവരുടെയും ചെറിയവരുടെയും, ആരോഗ്യമുള്ളവരുടെയും രോഗികളുടെയും ചാരത്തും ദൂരത്തുമുള്ളവരുടെയും അടുത്തായിരിക്കുന്നതിനുവേണ്ടി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ യാത്രകളിലും ഇത് തെളിഞ്ഞു നില്ക്കുന്നുവെന്ന് വിശദീകരിച്ചു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായിൽ നിന്ന് പ്രചോദനം സ്വീകരിക്കുന്നത് കർത്താവായ യേശുവിൻറെ നയനങ്ങളിലൂടെ യാഥാർത്ഥ്യത്തെ നോക്കുന്നതിനും സന്തോഷത്തിലും പരിശുദ്ധാരൂപിയോടുള്ള വിധേയത്വത്തിലും ചരിക്കുന്നതിനും സഹായകമാകും എന്നും പാപ്പാ സന്ന്യാസിനികളെ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.