യുദ്ധത്തിന്റെ ഭീകരതകൾ ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിലേക്ക് നയിക്കണമെന്ന് മാർപാപ്പ

യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിലേക്ക്  നയിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മേയ് ആറിന് ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിനോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“റഷ്യ – ഉക്രൈൻ സംഘർഷം വത്തിക്കാനും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചു. എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഒരുപോലെ വിശ്വാസത്തിന്റെ യാത്രയിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു ക്രൈസ്തവ സമൂഹം ഒറ്റയ്‌ക്ക് ഈ യാത്രയ്ക്ക് ശ്രമിക്കുമ്പോൾ അവർക്ക് ഗുരുതരമായ പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ യുദ്ധം ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുക മാത്രമല്ല, എല്ലാ ക്രൈസ്തവരുടെയും എല്ലാ സഭകളുടെയും മനസ്സാക്ഷിയെ വെല്ലുവിളിക്കുന്നതുമാണ്”- പാപ്പാ പറഞ്ഞു.

രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരതയാണ് 20-ാം നൂറ്റാണ്ടിൽ ക്രൈസ്തവർ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്താൻ പ്രേരിപ്പിച്ചത്. ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന് വഴിതെളിയിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.