ബഹ്‌റൈനിലേക്കുള്ള അപ്പസ്തോലിക യാത്രക്കായി പ്രാർത്ഥന അഭ്യർത്ഥിച്ച് മാർപാപ്പ

നവംബർ മൂന്നു മുതൽ ആറു വരെ നടക്കുന്ന ബഹ്‌റൈനിലേക്കുള്ള അടുത്ത അപ്പസ്‌തോലിക യാത്രയിൽ തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം അഭ്യർത്ഥന നടത്തിയത്. നവംബർ മൂന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന ബഹ്‌റൈനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര നവംബർ ആറ് ഞായറാഴ്ച വരെ തുടരും.

“ഇത് സംഭാഷണത്തിന്റെ ബാനറിനു കീഴിലുള്ള ഒരു യാത്രയായിരിക്കും. വാസ്തവത്തിൽ, മനുഷ്യസഹവർത്തിത്വത്തിന്റെ നന്മക്കായി കിഴക്കും പടിഞ്ഞാറും കൂടുതൽ അടുക്കേണ്ടതിന്റെ അനിവാര്യമായ ആവശ്യകതയെക്കുറിച്ചുള്ള ഒരു ഫോറത്തിൽ ഞാൻ പങ്കെടുക്കും. കൂടാതെ, എനിക്ക് മതപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ലഭിക്കും. പ്രത്യേകിച്ച് ഇസ്‌ലാമിക മതവിശ്വാസികൾ” – അദ്ദേഹം അടുത്തതായി പറഞ്ഞു.

പരിശുദ്ധ പിതാവ് എല്ലാ വിശ്വാസികളോടും പ്രാർത്ഥനയിൽ ഈ യാത്രയെ അനുഗമിക്കണമെന്ന് അഭ്യർത്ഥിച്ചു. “ഇവിടെ നടക്കുന്ന ഓരോ കൂടിക്കാഴ്ചകളും സമ്മേളനങ്ങളും സംഭവങ്ങളും ദൈവത്തിന്റെ നാമത്തിൽ, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യത്തെ പിന്തുണക്കുന്നതിനുള്ള ഫലപ്രദമായ അവസരമാകട്ടെ. ബഹ്‌റൈൻ രാജാവിനും അധികാരികൾക്കും രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രത്യേകിച്ച് ഈ സന്ദർശനത്തിനായി പ്രയത്നിച്ചവർക്കും അഭിവാദ്യം അറിയിക്കുകയും നന്ദി പറയുകയും ചെയ്യുന്നു” – പാപ്പാ വെളിപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ 39-ാമത് അപ്പോസ്തോലിക യാത്രയാണിത്. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പായാണ് ഫ്രാൻസിസ് പാപ്പാ. ഈ അപ്പസ്തോലിക യാത്രയുടെ പ്രധാന കാരണം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വത്തെ കേന്ദ്രീകരിച്ചുള്ള “ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്” എന്ന സമ്മേളനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.