സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് കൊല്ലപ്പെട്ട വൈദികന്റെ രക്തസാക്ഷിത്വം അംഗീകരിച്ച് പാപ്പാ

1953-ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റുകളാൽ വധിക്കപ്പെട്ട ഗ്രീക്ക്-കത്തോലിക് പുരോഹിതൻ, പെഡ്രോ പാബ്ലോ ഒറോസിന്റെ രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. പുതിയതായി പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലാണ് ഉക്രൈനിൽ നിന്നുള്ള ദൈവദാസൻ പെഡ്രോ പാബ്ലോ ഒറോസിന്റെ രക്തസാക്ഷിത്വം പാപ്പാ അംഗീകരിച്ചത്.

പെഡ്രോ പാബ്ലോ ഒറോസ് 1917 ജൂലൈ 14-ന് ബിരിയിൽ (ഹംഗറി) ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. ആഴമായ വിശ്വാസത്തിൽ വേരൂന്നിയ  കുടുംബത്തിൽ നിന്നും ആത്മീയജീവിതത്തിൽ ആഴപ്പെട്ട പെഡ്രോ, 1937-ൽ സെമിനാരിയിൽ ചേർന്നു. 1942 ജൂൺ 18-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. അജപാലനതീക്ഷ്ണത കൊണ്ടും ദരിദ്രരോടുള്ള വലിയ സ്നേഹം കൊണ്ടും അദ്ദേഹം മറ്റു വൈദികരിൽ നിന്നും വ്യത്യസ്തനായി. 1948 മുതൽ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് ലയിപ്പിക്കുന്നതിനുള്ള നിർബന്ധിതശ്രമങ്ങൾ ആരംഭിച്ചു. പക്ഷേ അദ്ദേഹം അതിനെ എതിർത്തു. 1949-ൽ അജപാലന പ്രവർത്തനങ്ങൾ നിരോധിക്കുകയും എല്ലാ ഗ്രീക്ക് കത്തോലിക്കാ പള്ളികളും അടച്ചുപൂട്ടുകയും ചെയ്തു. ഒടുവിൽ മറ്റു മാർഗ്ഗങ്ങളില്ലാതെ അദ്ദേഹത്തിനും മറ്റു വൈദികർക്കും റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് പോകേണ്ടി വന്നു. അതോടെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കഷ്ടകാലവും ആരംഭിക്കുകയായിരുന്നു.

1953 ആഗസ്റ്റ് 28-നാണ് ഫാ. പെഡ്രോ പാബ്ലോ കൊല്ലപ്പെട്ടത്. ഉക്രൈനിലെ സകർപാട്ടിയ പ്രവിശ്യയിലെ സിൽറ്റ്സെയിലെ മുകസെവോയിലെ വൈദികനായിരുന്നു ഫാ. പെഡ്രോ പാബ്ലോ. ആഴമായ വിശ്വാസവും സമർപ്പണബോധവും ഉണ്ടായിരുന്ന ഈ വൈദികൻ രഹസ്യമായി ആരാധന നടത്തി ഏതാനും മണിക്കൂറുകൾക്കു ശേഷം കമ്മ്യൂണിസ്റ്റുകാർ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

പെഡ്രോ പാബ്ലോ ഒറോസ് തന്റെ പൗരോഹിത്യകടമകളിൽ വിശ്വസ്തനും ഭക്തനുമായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകം ഉടൻ തന്നെ രക്തസാക്ഷ്യമായി  കണക്കാക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ അദ്ദേഹത്തിന്റെ ശരീരം എവിടെയാണെന്നതിനെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ വിശ്വാസികളുടെ മനസുകളിൽ നിറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.