വിശ്വാസയാത്രയിൽ ഇടവകയിലെ അനുഭവം പകരം വയ്ക്കാനാവാത്തതെന്ന് പാപ്പാ

വിശ്വാസയാത്രയിലും വിശ്വാസ വളർച്ചയിലും ഇടവകാനുഭവം പകരം വയ്ക്കാനാവത്തതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കേണ്ട വിവിധങ്ങളായ സിദ്ധികളുള്ളവരായ നാമെല്ലാവരും നായകരും ഉത്തരവാദിത്വമുള്ളവരുമാണെന്നും യേശുവിനെ പിൻചെല്ലുകയെന്ന വിളിയാണ് നമ്മുടെ ജീവിതമെന്നും വിശ്വാസമാകട്ടെ നല്‍കേണ്ടതും സാക്ഷ്യമേകേണ്ടതുമായ ദാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

“കത്തോലിക്കാ പ്രവർത്തനം” എന്ന് അർത്ഥം വരുന്ന “അത്സിയോനെ കത്തോലിക്കാ (Azione Cattolica) എന്ന അത്മായ സംഘടനയുടെ, ഇറ്റലിയിൽ ഇടവകതലത്തിൽ ചുമതല വഹിക്കുന്ന യുവനേതാക്കളുടെ രണ്ടായിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

ക്രൈസ്തവൻ സാമൂഹ്യയാഥാർത്ഥ്യത്തോട് താല്പര്യം പ്രകടിപ്പിക്കുകയും തനതായ സംഭാവന നല്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആകയാൽ സഭയിൽ സാഹോദര്യത്തിന്റെ വളർച്ചയ്ക്ക് സംഭാവനയേകാൻ കത്തോലിക്ക പ്രവർത്തന സംഘടനാംഗങ്ങൾ ശ്രമിക്കുന്നതിൽ പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും സഹോദര്യമെന്നത് ആകസ്മികമായി ഉണ്ടാകുന്നതല്ലെന്നും കർത്താവിനോടും പരിശുദ്ധാരൂപിയോടും ചേർന്ന് അവനവനിൽ ഒരോരുത്തരും നടത്തുന്ന പ്രവർത്തനമാണ് അതെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഈ കർമ്മം പരിശ്രമവും സ്ഥൈര്യവും ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു.

ക്രൈസ്തവർ സമൂഹത്തിൽ പുളിമാവാകാൻ വിളിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചു പരാമാർശിച്ച പാപ്പാ, അവർ ക്രിസ്തുവിലായിരിക്കുകയും അവിടുന്നിൽ സഹോദരങ്ങളായിരിക്കുകയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയും ചെയ്തില്ലെങ്കിൽ പുളിമാവാകാൻ അവർക്ക് സാധിക്കില്ലെന്ന് വിശദീകരിച്ചു. യേശുരഹസ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാനും ധ്യാനിക്കാനും പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് പഠിക്കാനും പാപ്പാ യുവനേതാക്കളെ ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.