ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിച്ച് മാർപാപ്പ

ലോകസമാധാനത്തിനും പ്രത്യേകിച്ച് സംഘർഷഭരിതമായ ഉക്രൈനു വേണ്ടിയും ജപമാല പ്രാർത്ഥന ചൊല്ലി ഫ്രാൻസിസ് പാപ്പാ. മെയ് 31- ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ രൂപത്തിനു മുന്നിലാണ് പ്രാർത്ഥന നടന്നത്.

ജപമാലയുടെ ദു:ഖകരമായ രഹസ്യങ്ങളെക്കുറിച്ചാണ് പാപ്പാ ധ്യാനിച്ചത്. ഉക്രൈനിലെ സർവാനിറ്റ്സിയയിലുള്ള ദൈവമാതാവിന്റെ ദേവാലയം ഉൾപ്പെടെ ലോകമെമ്പാടുമുള്ള അനേകം മരിയൻ ദേവാലയങ്ങളും ഈ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു. ജപമാല ചൊല്ലുന്നതിനു മുമ്പ് ഫ്രാൻസിസ് മാർപാപ്പ വെളുത്ത പൂക്കൾ കൊണ്ടുള്ള ഒരു പൂച്ചെണ്ട് രൂപത്തിനു മുന്നിൽ സമർപ്പിച്ചു. അതിനു ശേഷം ആമുഖപ്രാർത്ഥന വായിച്ചു. തുടർന്ന് ദു:ഖകരമായ അഞ്ച് രഹസ്യങ്ങൾ പ്രാർത്ഥിച്ച ശേഷം, സ്വർല്ലോകരാജ്ഞീ എന്ന ജപവും തുടർന്ന് ലുത്തിനിയ പ്രാർത്ഥനയും ചൊല്ലി.

“ഉക്രൈൻ സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും മറ്റ്‌ നിരവധി ആക്രമണങ്ങൾക്ക് ഇരകളായവർക്കും പ്രതീക്ഷയുടെ അടയാളം നൽകാനാണ് ഈ പ്രാർത്ഥന.” മെയ് 26- ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

85 വയസ്സുള്ള ഫ്രാൻസിസ് പാപ്പാ വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം യാചിക്കാനായി, ബെനഡിക്ട് പതിനഞ്ചാമൻ പാപ്പായാണ് സമാധാനരാജ്ഞിയുടെ ഈ രൂപം സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.