സൊമാലിയയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു; ഇരകളായവർക്കായി പ്രാർത്ഥിച്ച് മാർപാപ്പ

സൊമാലിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയും 300- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 29- ന് നടത്തിയ ആക്രമണത്തിൽ ഇരകളായവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ‘അക്രമികളുടെ ഹൃദയങ്ങളെ ദൈവം മാനസാന്തരപ്പെടുത്തട്ടെ’ എന്ന് മാർപാപ്പ പ്രാർത്ഥിച്ചു.

“തിന്മക്കും മരണത്തിനുമെതിരായ ക്രിസ്തുവിന്റെ വിജയം ആഘോഷിക്കുമ്പോൾ, മൊഗാദിഷുവിൽ നിരവധി കുട്ടികൾ ഉൾപ്പെടെ നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കുന്നു. അക്രമാസക്തരുടെ ഹൃദയങ്ങളെ ദൈവം മാനസാന്തരപ്പെടുത്തട്ടെ” – ഫ്രാൻസിസ് മാർപാപ്പ ഒക്ടോബർ 30- ന് പറഞ്ഞു.

സൊമാലിയയുടെ തലസ്ഥാനത്ത് നടന്ന രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ 100 ​​പേർ കൊല്ലപ്പെടുകയും 300- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. അൽ-ഖ്വയ്ദയുടെ സൊമാലിയൻ ആസ്ഥാനമായുള്ള ശാഖയായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സൊമാലിയൻ കുട്ടികളെ ഇസ്ലാമിക വിശ്വാസത്തിൽ നിന്നകറ്റാൻ പ്രതിജ്ഞാബദ്ധമായ, ‘ശത്രു’ എന്നു വിളിച്ച് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് തീവ്രവാദിസംഘം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.