ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ മരണമടഞ്ഞവർക്കായി പ്രാർത്ഥിച്ച് പാപ്പാ

ഹാലോവീൻ ആഘോഷത്തിനിടെ ദക്ഷിണ കൊറിയയിൽ 151 പേർ മരിച്ച സംഭവത്തിൽ ഇരകളായവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 30- ന് ആഞ്ചലൂസ് പ്രസംഗത്തിന്റെ അവസാനമാണ് പാപ്പാ പ്രത്യേക പ്രാർത്ഥന നടത്തിയത്.

“തിക്കിലും തിരക്കിലുംപെട്ട് സിയോളിൽ മരിച്ചവരിൽ കൂടുതലും യുവജനങ്ങളാണ്. അവർക്കായി നമുക്ക് ഉത്ഥിതനായ കർത്താവിനോട് പ്രാർത്ഥിക്കാം” – സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകരോട് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ചത്തെ സുവിശേഷത്തെക്കുറിച്ചുള്ള സന്ദേശത്തിൽ പറഞ്ഞു. “യേശു എപ്പോഴും നമ്മെ സ്‌നേഹത്തോടെയാണ് നോക്കുന്നത്. തെറ്റുകൾ നിറഞ്ഞ നമ്മുടെ ഭൂതകാലത്തിലേക്കല്ല ദൈവം നോക്കുന്നത്, മറിച്ച് നമുക്ക് എന്തായിത്തീരാൻ കഴിയുമെന്ന അനന്തമായ ആത്മവിശ്വാസത്തോടെ നമ്മെ നോക്കുന്നു” – പാപ്പ പറഞ്ഞു.

ആഘോഷത്തിനിടെ 150- ലധികം പേർക്ക് പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് വെളിപ്പെടുത്തുന്നു. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.