വിദ്വേഷത്താൽ അന്ധമാക്കപ്പെട്ട ഹൃദയങ്ങൾ മാനസാന്തരപ്പെടട്ടെ: നൈജീരിയൻ ആക്രമണത്തെക്കുറിച്ച് മാർപാപ്പ

വിദ്വേഷത്താലും അക്രമത്താലും അന്ധമാക്കപ്പെട്ട മനുഷ്യ ഹൃദയങ്ങൾ മാനസാന്തരപ്പെടട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ ആറിന് ഓൻഡോയിലെ ബിഷപ്പായ ജൂഡ് അരോഗുണ്ടാഡെയ്ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മുഖേന അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വളരെ ദുഃഖിതനാണ്. ഇരകളായ എല്ലാവർക്കും തന്റെ ആത്മീയ സാമീപ്യം മാർപാപ്പ ഉറപ്പ് നൽകുന്നു. മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് സമർപ്പിക്കുന്നു. പരിക്കേറ്റവർക്കും ദുഃഖിതർക്കും ദൈവിക രോഗശാന്തിയും ആശ്വാസവും ലഭിക്കട്ടെ. വിദ്വേഷത്താലും അക്രമത്താലും അന്ധരായവരുടെ മനസാന്തരത്തിനായി പാപ്പാ പ്രാർത്ഥിക്കുന്നുണ്ട്. അങ്ങനെ അവർ സമാധാനത്തിന്റെയും നീതിയുടെയും പാത പുണരട്ടെ. രൂപതയിലെ എല്ലാ വിശ്വാസികൾക്കും, ഫ്രാൻസിസ് മാർപാപ്പ ആശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും ദൈവിക അനുഗ്രഹങ്ങൾ നേരുന്നു”- സന്ദേശത്തിൽ പറയുന്നു.

പെന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ ദേവാലയത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഓൻഡോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിലാണ് പരിശുദ്ധ കുർബാന നടക്കുന്നതിനിടയിൽ ആക്രമണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.