ഉക്രൈനു വേണ്ടി അമലോത്ഭവ മാതാവിനോട് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈനിൽ തുടരുന്ന യുദ്ധത്തിന്റെയും ദുരിതങ്ങളുടെയും മധ്യേ അവിടുത്തെ ജനങ്ങൾക്കു വേണ്ടി അമലോത്ഭവ മാതാവിന്റെ പക്കൽ മാദ്ധ്യസ്ഥം യാചിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലെ പതിവ് പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ ഡിസംബർ എട്ടാം തീയതി ആഘോഷിക്കുന്ന അമലോത്ഭവത്തിരുനാൾ ദിനത്തിൽ ഉക്രൈനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

പരിശുദ്ധ അമ്മയിലേക്ക് നോക്കിക്കൊണ്ട് പരിശുദ്ധാത്മാവിന്റെ മൂല്യങ്ങൾക്കനുസൃതം ജീവിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. “യുദ്ധത്തിന്റെ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും പ്രത്യേകിച്ച് ഉക്രൈൻ ജനതക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ട ചരിത്രത്തിന്റെ ആവർത്തനമാണ് ഉക്രൈനിലെ യുദ്ധത്തിൽ നാം കാണുന്നത്” – പാപ്പാ കൂട്ടിച്ചേർത്തു.

പൊതു കൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ് ഉക്രൈനിലെ ദുരിതങ്ങളെ പാപ്പാ അനുസ്മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.