
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ജെസ്യുട്ട് വൈദികനായ ഫാ. ജുവാനെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പാ. ജൂലൈ 17-ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ, വാഴ്ത്തപ്പെട്ട ജുവാന്റെ ജീവിതം ഉയർത്തിക്കാട്ടിയത്.
പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന സൊസൈറ്റി ഓഫ് ജീസസ് മിഷനറി സഭയിലെ അംഗമായിരുന്നു ഫാ. ജുവാൻ ഫിലിപ്പ് ജെനിങ്ങെൻ. ജൂലൈ 16-ന് ലക്സംബർഗ് ആർച്ചുബിഷപ്പായ കർദ്ദിനാൾ ജീൻ ക്ലോടെ ഹൊല്ലേറിച്ചിന്റെ നേതൃത്വത്തിൽ ജർമ്മനിയിലെ എൽവാഗനിൽ വച്ചാണ് ഫാ. ജുവാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് പുതിയതായി ഉയർത്തപ്പെട്ട വൈദികനെ മാതൃകയാക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒന്നിച്ചുകൂടിയ വിശ്വാസികളോട് ജൂലൈ 17-ന് പാപ്പാ ആഹ്വാനം ചെയ്തു. “ജർമ്മനിയിലെ ഗ്രാമപ്രദേശങ്ങളിലാണ് ഫാ. ജുവാൻ തന്റെ സുവിശേഷപ്രഘോഷണം നടത്തിയത്. രാവും പകലും സുവിശേഷത്തിനു വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അപ്പസ്തോലിക ചൈതന്യത്തിൽ ജീവിച്ച ഈ വൈദികൻ തികഞ്ഞ മരിയഭക്തനായിരുന്നു. ഫാ. ജുവാന്റെ ജീവിതം സുവിശേഷം പങ്കുവയ്ക്കുന്നതിന് അനേകർക്ക് പ്രചോദനമേകട്ടെ” – പാപ്പാ പറഞ്ഞു.
1642-ൽ ബവേറിയയിലാണ് ഫാ. ജുവാൻ ജനിച്ചത്. 1663-ൽ സൊസൈറ്റി ഓഫ് ജീസസ് മിഷനറി സഭയിൽ ചേർന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യയിൽ വന്ന് മിഷൻ പ്രവർത്തനങ്ങൾ ചെയ്യണമെന്നായിരുന്നു. എന്നാൽ ഫാ. ജുവാനെക്കുറിച്ചുള്ള ദൈവികപദ്ധതി മറ്റൊന്നായിരുന്നു. ജർമ്മനിയിലെ ഓസ്റ്റാൾബിലാണ് ഫാ. ജുവനെ അധികാരികൾ നിയോഗിച്ചത്. എൽവാഗനിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഒരു ദൈവാലയവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചിട്ടുണ്ട്.
“രാജ്യമെമ്പാടും സഞ്ചരിച്ചിട്ടുള്ള ഫാ. ജുവാൻ വൈദികരെ ധ്യാനിപ്പിക്കുകയും തടവുകാരെയും സൈനികരെയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതൊന്നും ഗൗനിക്കാതെ ദൈവാരാജ്യത്തിനു വേണ്ടി സ്വജീവിതം സമർപ്പിച്ചു. പരിശുദ്ധ കുർബാനയായിരുന്നു ഫാ. ജുവാന്റെ ശക്തിസ്രോതസ്സ്” – ജെസ്യൂട്ട് സഭയുടെ സുപ്പീരിയറായ ഫാ. അർതുറോ സോസ പറഞ്ഞു. 1704 ഫെബ്രുവരി എട്ടിനാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്. എൽവാഗനിലെ സെന്റ് വൈറ്റസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്.
തന്റെ ലളിതമായ ജീവിതം കൊണ്ടും പരസ്പരസ്നേഹം കൊണ്ടും ഫാ. ജുവാൻ അനേകരെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല താൻ വിശ്വസിച്ചതും പ്രഘോഷിച്ചതും മാത്രമാണ് ഫാ. ജുവാൻ പ്രവർത്തിച്ചിട്ടുള്ളതെന്നും ജെസ്യൂ ട്ട് വൈദികനായ ഫാ. ബെർണാഡ് ബർഗ്ലർ പറഞ്ഞു.