ആഗോളസംഘർഷങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നന്ദി അറിയിച്ച് മാർപാപ്പ

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആഗോളസംഘർഷങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് മൂന്നിന് ആചരിക്കുന്ന ലോക മാധ്യമസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“കഴിഞ്ഞ വർഷം ലോകമെമ്പാടുമായി 47- ഓളം മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 350- ലധികം പേർ തടവിലാക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി വാർത്തകൾ ലോകത്തെ അറിയിക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു”- പാപ്പാ പറഞ്ഞു. മാർപാപ്പ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത് ഇതാദ്യമല്ല. ഉക്രൈൻ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌ത എല്ലാ മാധ്യമപ്രവർത്തകർക്കും 2022 മാർച്ച് ആറിന് പാപ്പാ നന്ദി അറിയിച്ചിരുന്നു.

1993 മേയ് മൂന്നിന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയാണ് ലോക മാധ്യമസ്വാതന്ത്ര്യദിനത്തിന് തുടക്കം കുറിച്ചത്. 2022- ലെ ലോക മാധ്യമസ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം ‘ഡിജിറ്റൽ ഉപരോധത്തിനു കീഴിൽ പത്രപ്രവർത്തനം’ എന്നാണ്. നിരീക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ശേഖരണം എന്നിവയിലെ സമീപകാല മുന്നേറ്റങ്ങൾ മാധ്യമപ്രവർത്തനത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും എങ്ങനെ ബാധിക്കുന്നുവെന്നതാണ് പ്രധാന ചർച്ചാവിഷയം. ഡിജിറ്റൽ ലോകത്ത് മാധ്യമപ്രവർത്തകർ നേരിടുന്ന ആക്രമണങ്ങളും ഇവിടെ ചർച്ചാവിഷയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.