
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അവർ ആയിരിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള കഴിവുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ലോക കുടിയേറ്റ, അഭയാർത്ഥിദിനത്തോടനുബന്ധിച്ച് മേയ് 12-ന് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“കുടിയേറ്റക്കാരായി വരുന്ന യുവജനങ്ങളുടെ പ്രവർത്തനം, അവരുടെ ഉത്സാഹം, ത്യാഗമനോഭാവം ഇതെല്ലം അവരെ സ്വീകരിക്കുന്ന സമൂഹത്തെ കൂടുതൽ സമ്പന്നമാക്കും. അതുകൊണ്ട് അവർക്ക് ആവശ്യമായ സംഭാവനയും പിന്തുണയും നൽകുക. കഴിവുകൾ ഉപയോഗിക്കാൻ അവർക്ക് അവസരങ്ങൾ നൽകുക” – പാപ്പാ പറഞ്ഞു.
1914-ൽ പത്താം പീയൂസ് മാർപാപ്പയാണ് ലോക കുടിയേറ്റ, അഭയാർത്ഥി ദിനം സ്ഥാപിച്ചത്. എല്ലാ വർഷവും സെപ്തംബറിലെ അവസാന ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ വർഷം സെപ്തംബർ 25-നാണ് ലോക കുടിയേറ്റ, അഭയാർത്ഥി ദിനം. ‘കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഒപ്പം ഭാവി കെട്ടിപ്പടുക്കുക’ എന്നതാണ് 108-ാമത് ലോക കുടിയേറ്റ, അഭയാർത്ഥിദിനത്തിന്റെ പ്രമേയം.