ഒക്ടോബർ മാസം കൂടുതൽ ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്ത് പാപ്പാ

ഒക്ടോബർ മാസം ജപമാല മാതാവിന് സമർപ്പിച്ചിരിക്കുന്ന മാസമാണെന്നും അതിനാൽ കൂടുതൽ ജപമാല ചൊല്ലണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ കന്യാമറിയത്തോട് വ്യക്തിപരമായ ആശങ്കകളും ലോകത്തിന്റെ ആവശ്യങ്ങളും പ്രത്യേകിച്ച് ലോകസമാധാനത്തിനായും നമുക്ക് പ്രാർത്ഥിക്കാം. സെപ്റ്റംബർ 28-ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്ത ജനറൽ ഓഡിയൻസിൽ സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ‘പ്രാർത്ഥനയിലെ പരിചയം’ എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ മതബോധന പ്രസംഗത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ വിവിധ രാജ്യങ്ങളിലെ വിശ്വാസികളെ അഭിവാദ്യം ചെയ്തു.

പോളിഷ് തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പരിശുദ്ധ പിതാവ്, ലോകത്തിൽ സമാധാനം സംജാതമാകാനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം യാചിക്കണമെന്ന് അഭ്യർത്ഥിച്ചു. “ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒക്ടോബർ മാസം ആരംഭിക്കും. പരമ്പരാഗതമായി ജപമാല മാസമായി അനുസ്മരിക്കുന്ന മാസമാണിത്. സമൂഹത്തിലും കുടുംബങ്ങളിലും ഈ മാസം ജപമാലക്ക് കൂടുതൽ പ്രാധാന്യം നൽകണം” – പാപ്പാ ഓർമ്മിപ്പിച്ചു.

2020 ഒക്ടോബർ 7-ന്, ജപമാല മാതാവിന്റെ തിരുനാൾ ദിനത്തിൽ കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാനും കൈകളിലോ, പോക്കറ്റിലോ ജപമാല സൂക്ഷിക്കാനും മാർപാപ്പ ഓർമ്മപ്പെടുത്തി. “ജപമാല പ്രാർത്ഥനയാണ് കന്യകാമറിയത്തോട് നമുക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ പ്രാർത്ഥന. രക്ഷകനായ യേശുവിന്റെ മാതാവ് മറിയത്തോടൊപ്പമുള്ള ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ചുള്ള ധ്യാനമാണിത്. തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു ആയുധമാണിത്” – പാപ്പാ ഉപസംഹരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.