കോപവും ചിലപ്പോൾ പ്രാർത്ഥനയാകാം എന്ന് ഓർമ്മപ്പെടുത്തി പാപ്പാ

കോപം പോലും പലപ്പോഴും പ്രാർത്ഥനയായി മാറും എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. 2022 ഏപ്രിൽ 20, 23 തീയതികളിൽ പോളണ്ടിൽ മരിച്ച ഖനിത്തൊഴിലാളികളുടെ കുടുംബങ്ങളുമായി മാർച്ച് 24 വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ പ്രാർത്ഥനയുടെ വ്യത്യസ്ത തലങ്ങളെ കുറിച്ചു പറഞ്ഞത്.

പ്രാർത്ഥനയിൽ ചിലപ്പോൾ ദൈവം നമ്മളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയേക്കാം. മരിച്ചവരുടെ മൗനവും ദൈവത്തിന്റെ നിശബ്ദതയും ഉണ്ട്. ഈ നിശബ്ദത ചിലപ്പോൾ നമ്മെ ദേഷ്യം പിടിപ്പിക്കും. എന്നാൽ ഭയപ്പെടേണ്ട: ആ കോപം ഒരു പ്രാർത്ഥനയാണെന്നും അത് ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ തുടർച്ചയായി ആവർത്തിക്കുന്ന പലതരം “എന്തുകൊണ്ട്?” എന്ന ചോദ്യങ്ങളിൽ ഒന്നാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അതിന്റെ ഉത്തരം ഇതാണ്: “ഇരുളിലും കർത്താവ് നമ്മുടെ സമീപത്തുണ്ട്. എങ്ങനെയെന്ന് നമുക്കറിയില്ല, എങ്കിലും കർത്താവ് നമ്മുടെ അടുത്തുണ്ട് ” പാപ്പാ ഉറപ്പു നൽകി.

താനും നിശബ്ദനായി പ്രാർത്ഥിക്കുന്നു, എന്ന് പറഞ്ഞ് നിശബ്ദനായി അവർക്കൊപ്പം പ്രാർത്ഥിച്ച പാപ്പാ അവരെ ആശീർവ്വദിക്കുകയും അവരെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. അവരുടെ സന്ദർശനത്തിന് നന്ദിയർപ്പിച്ച പാപ്പാ “നിങ്ങളുടെ മുന്നിൽ, എന്ത് പറയണമെന്ന് എനിക്കറിയില്ല” എന്നാണ് അവരോടു പറഞ്ഞത്. മൗനം കാരുണ്യം നിറഞ്ഞതാണ്. ഇതുപോലൊരു അപകടത്തിൽ ഭർത്താവിനെയോ, പിതാവിനേയോ നഷ്ടപ്പെടുക നിർഭാഗ്യകരമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.