കാപട്യങ്ങൾ ഒഴിവാക്കി ഐക്യത്തിന് സാക്ഷികളാകാം: പാപ്പാ

ഒരു ക്രിസ്ത്യാനിയുടെ സാക്ഷ്യം യോജിപ്പിന്റേതാകണം എന്നും വാക്കും പ്രവർത്തിയും ഒന്നായിരിക്കണം എന്നും ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തന്റെ പ്രസംഗം ശ്രവിക്കുന്ന വിശ്വാസികളോടാണ് പാപ്പാ ഈ കാര്യം ആവശ്യപ്പെട്ടത്. വാക്കും പ്രവർത്തിയും ഒന്നാകാത്ത പക്ഷം അത് കാപട്യമായി മാറുകയാണെന്നും പാപ്പാ ഓർമിപ്പിച്ചു.

സാക്ഷ്യം കൂടാതെ സുവിശേഷം നൽകാനാവില്ല എന്ന് പാപ്പാ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുള്ളൊരുവൻ കപടജീവിതമാണ് നയിക്കുന്നത്. ഒരുവൻ എല്ലാവരുടെയും വിശ്വസ്തനാവുന്നതും അംഗീകരിക്കപ്പെടുന്നതും അവന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ഐക്യത്തിലൂടെയാണ്.

“നിങ്ങൾ പ്രഖ്യാപിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ? നിങ്ങൾ വിശ്വസിക്കുന്നത് പോലെയാണോ നിങ്ങൾ ജീവിക്കുന്നത്?” എന്ന പോൾ ആറാമൻ പാപ്പായുടെ ചോദ്യങ്ങൾ ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പാ അതിനുള്ള ഉത്തരവും പറയുകയുണ്ടായി. ‘നമ്മിൽ ഓരോരുത്തരിലും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിൽ പൂർണ്ണമായി വിശ്വസിക്കുക. ആത്മാവ് എപ്പോഴും നമ്മെ നമ്മുടെ പരിമിതികൾക്കപ്പുറത്തേക്ക്, നമ്മുടെ തടസ്സങ്ങൾക്കപ്പുറത്തേക്ക് പോകാൻ ശക്തിപ്പെടുത്തും.’

“ക്രിസ്തീയ ജീവിതത്തിന്റെ സാക്ഷ്യം സ്നാനത്തെ അടിസ്ഥാനമാക്കിയുള്ള വിശുദ്ധിയുടെ പാതയാണ്. വിശുദ്ധി ചുരുക്കം ചിലർക്കായി നീക്കിവച്ചിട്ടുള്ള ഒന്നല്ല. അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്, അത് സ്വീകരിക്കപ്പെടേണ്ടതും നമുക്കും മറ്റുള്ളവർക്കും വേണ്ടിയും ഫലം കായ്ക്കേണ്ടതുമാണ്. വിശുദ്ധിയിൽ നിന്നും ദൈവത്താൽ നിറഞ്ഞ ഹൃദയത്തിൽ നിന്നുമാണ് സുവിശേഷവത്ക്കരണത്തിനുള്ള തീക്ഷ്ണത ഉറവെടുക്കുന്നതെന്ന് പോൾ ആറാമൻ പാപ്പാ പഠിപ്പിക്കുന്നു. പ്രാർത്ഥനയാലും എല്ലാറ്റിനുമുപരിയായി കുർബാനയോടുള്ള സ്നേഹത്താലും പരിപോഷിപ്പിക്കപ്പെടുന്ന സുവിശേഷവൽക്കരണം അത് നിർവഹിക്കുന്നവരെ വിശുദ്ധിയിൽ വളർത്തുന്നു,” അദ്ദേഹം ഓർമ്മപ്പെടുത്തി.

പരിശുദ്ധാത്മാവില്ലാതെയുള്ള സുവിശേഷവൽക്കരണം സുവിശേഷ പ്രഘോഷണമല്ല, മറിച്ച് സഭയെക്കുറിച്ചുള്ള പരസ്യം ചെയ്യൽ മാത്രമാണ്. നമ്മിലുള്ള പരിശുദ്ധാത്മാവാണ് സുവിശേഷവത്കരണത്തിലേക്ക് നമ്മെ പ്രേരിപ്പിക്കുന്നത്. ഇതാണ് ദൈവമക്കളുടെ യഥാർത്ഥ സ്വാതന്ത്ര്യം എന്ന് പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.