യുദ്ധത്തിന്റെ ഇരകളെ പ്രതി ദൈവം കരയുന്നതിന്റെ അടയാളമാണ് മറിയത്തിന്റെ കണ്ണീരെന്ന് പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിൻറെ കണ്ണീർ ദൈവിക കാരുണ്യത്തിൻറെയും നമ്മുടെ പാപങ്ങളെയും നരകുലത്തെ, വിശിഷ്യ കുഞ്ഞുങ്ങളെയും നിരപരാധികളെയും, പീഢിപ്പിക്കുന്ന തിന്മയെയും പ്രതിയുള്ള ക്രിസ്തുവിൻറെ വേദനയുടെയും അടയാളമാണെന്ന് മാർപ്പാപ്പാ. വടക്കെ ഇറ്റലിയിലെ ത്രെവില്യൊ എന്ന സ്ഥലത്ത്, ‘കണ്ണീരിൻറെ മാതാവിൻറെ’ നാമത്തിലുള്ള അജപാലനസമൂഹത്തിൻറെ രണ്ടായിരത്തിയെണ്ണൂറോളം പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഈ സമൂഹം അതിൻറെ സ്ഥാപനത്തിൻറെ അഞ്ചാം ശതാബ്ദി ആചരണത്തിലാണെന്നതും പാപ്പാ അനുസ്മരിച്ചു. ഉക്രൈയിനെ മാത്രമല്ല സകലത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിൻറെ ഇരകളെ പ്രതി ദൈവം കരയുന്നതിൻറെയും അടയാളമാണ് മറിയത്തിൻറെ കണ്ണുനീർത്തുള്ളികളെന്ന് പാപ്പാ പറഞ്ഞു. യുദ്ധം അതിലേർപ്പെട്ടിരിക്കുന്ന സകലർക്കും നാശം വിതയ്ക്കുന്നുവെന്നും അത് പരാജിതരെ മാത്രമല്ല ജേതാക്കളെയും ഇല്ലായ്മചെയ്യുന്നുവെന്നും ജയിച്ചതും തോറ്റതും ആരാണെന്നറിയാൻ വാർത്തകൾ ഉപരിപ്ലവമായി കാണുന്നവരെയും അത് നശിപ്പിക്കുന്നുവെന്നും ആകയാൽ ജാഗ്രതയുള്ളവരായിരിക്കണമെന്നും പാപ്പാ പറഞ്ഞു.

മറിയത്തിൻറെ വിമലഹൃദയത്തിന് നമ്മൾ സമർപ്പിച്ച യാചനകൾ അവൾസമാധാനരാജ്ഞിയാകയാൽ സ്വീകരിക്കുമെന്ന ബോധ്യവും പാപ്പാ പ്രകടിപ്പിച്ചു. അഞ്ചു നൂറ്റാണ്ടായി ത്രെവില്യൊയിലെ മണ്ണിനെ മറിയത്തിൻറെ കണ്ണുനീർ നനച്ചുകൊണ്ടിരിക്കുന്നുവെന്നും തലമുറകളായി അവളുടെ മാതൃനിർവ്വിശേഷമായ ആർദ്രത ആ ജനത അനുഭവിച്ചറിയുന്നുവെന്നും പറഞ്ഞ പാപ്പാ കരയുന്നതിന് ലജ്ജിക്കരുതെന്നും കണ്ണുനീർ ഒരു ദാനമാണെന്നും ആ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.