
യുദ്ധങ്ങളും അക്രമങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമാധാനവും അനുരഞ്ജനവും വളർത്തിയെടുക്കുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പ മൂന്ന് പ്രധാന ആശയങ്ങൾ മുന്നോട്ട് വച്ചു. ചിക്കാഗോ ലോയോള സർവകലാശാലയിൽ നടന്ന ‘ബിൽഡിംഗ് ബ്രിഡ്ജസ്’ ( Building Bridges ) സംഗമത്തിലെ പ്രതിനിധികൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സമാധാനത്തിനായി പാപ്പ മുന്നോട്ട് വച്ച പ്രധാന ആശയങ്ങൾ നോക്കാം
1. സമാധാനം ദൈവത്തിന്റെ ദാനമാണ്
യഥാർഥ സമാധാനം എന്നത് വെറും സംഘർഷങ്ങളുടെ അഭാവമല്ല. മറിച്ച് അത് ദൈവത്തിൽ നിന്നുള്ള ദാനമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ലോകം നൽകുന്ന സമാധാനം പലപ്പോഴും അക്രമത്തിലൂടെയോ വഞ്ചനയിലൂടെയോ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. എന്നാൽ ക്രിസ്തു നൽകുന്ന സമാധാനം ഭയത്തെ ഇല്ലാതാക്കുന്നു. കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനം സ്ഥാപിക്കാൻ പ്രവർത്തിക്കുമ്പോൾ ദൈവം നമ്മോടൊപ്പമുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
2. അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തവും പ്രതിബദ്ധതയും
ആഗോളതലത്തിൽ ഐക്യം നിലനിർത്താൻ ലോകരാഷ്ട്രങ്ങളുടെയും വിവിധ സംഘടനകളുടെയും സജീവമായ ഇടപെടൽ അത്യാവശ്യമാണ്. സമാധാനത്തിനായുള്ള ശ്രമങ്ങൾ അതിരുകൾക്കും മതങ്ങൾക്കും സംസ്കാരങ്ങൾക്കും അതീതമായിരിക്കണം. ശാസ്ത്രജ്ഞർ, വിവിധ മേഖലകളിലെ നേതാക്കൾ, സ്ഥാപനങ്ങൾ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പൊതുനന്മ ലക്ഷ്യമാക്കി മുന്നേറാൻ സാധിക്കൂ എന്ന് പാപ്പ ഊന്നിപ്പറഞ്ഞു.
3. അനുരഞ്ജനത്തിലൂടെയുള്ള യഥാർഥ ഐക്യം
ദൈവത്തോടും സഹജീവികളോടും പ്രകൃതിയോടും നടത്തുന്ന നിരന്തരമായ അനുരഞ്ജന പ്രക്രിയയാണ് സമാധാനം. സമാധാനമില്ലാത്ത ലോകം മാറ്റാൻ കഴിയില്ലെന്ന നിസ്സംഗതയെ നാം മറികടക്കണം. ഇതിനായി പ്രാർഥന ഒരു വലിയ ശക്തിയാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വിവിധ മതസ്ഥർ ഒന്നിച്ചു പ്രാർഥിക്കുന്നത് ചരിത്രത്തെപ്പോലും മാറ്റാൻ കരുത്തുള്ളതാണെന്ന് പാപ്പ പ്രസ്താവിച്ചു.
യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകത്തിന് പ്രത്യാശ നൽകുന്നതായിരുന്നു മാർപാപ്പയുടെ ഈ വാക്കുകൾ. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ സമാധാനത്തിന്റെ ഈ പാത പിന്തുടരണമെന്ന് അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു.




