
മെയ് 20 ചൊവ്വാഴ്ച, വത്തിക്കാൻ പ്രസ്സ് ഓഫീസ് പ്രസിദ്ധീകരിച്ച ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ വീഡിയോ സന്ദേശം സ്പാനിഷ് ഭാഷയിൽ. പെറുവിൽ മിഷനറിയായിരുന്ന കാലത്ത് അദ്ദേഹം സംസാരിച്ചിരുന്ന ഭാഷയും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ഉപയോഗിച്ച ഭാഷയും സ്പാനിഷ് തന്നെയായിരുന്നു.
‘ദി നെറ്റ്‌വർക്ക് ഓഫ് ദി യൂണിവേഴ്സിറ്റീസ് ഫോർ ദി കെയർ ഓഫ് അവർ കോമൺ ഹോം’ – നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനത്തിനായുള്ള സർവകലാശാലകളുടെ ശൃംഖലയ്ക്കായിട്ടാണ് പാപ്പ ആദ്യത്തെ വീഡിയോ സന്ദേശം പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’യെ അടിസ്ഥാനമാക്കി പരിസ്ഥിതി സംരക്ഷണവും സുസ്ഥിര രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ഒരുകൂട്ടം സർവകലാശാലകളാണ് ഇത്.
“പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനത്തിനായുള്ള സർവകലാശാലകളുടെ ശൃംഖലയ്ക്ക് ഒരു വലിയ ആശംസ അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ലെയോ പതിനാലാമൻ തന്റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. “നിങ്ങൾ (ബ്രസീലിലെ) റിയോ ഡി ജനീറോയിലെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയിട്ടുണ്ടെന്നും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ, 2015 മെയ് 24 നു പ്രസിദ്ധീകരിച്ച ചാക്രികലേഖനമായ ‘ലൗദാത്തോ സി’ യുടെ പത്താം വാർഷികത്തിലാണെന്നും അറിയാം. യൂണിവേഴ്സിറ്റി റെക്ടർമാരേ, നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യത്തിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമേരിക്കകൾക്കും ഐബീരിയൻ ഉപദ്വീപിനുമിടയിൽ സംയോജനത്തിന്റെ പാലങ്ങൾ പണിയുക, പാരിസ്ഥിതികവും സാമൂഹികവും പാരിസ്ഥിതികവുമായ നീതിക്കായി പ്രവർത്തിക്കുക” – അദ്ദേഹം തുടർന്നുപറഞ്ഞു. ഏറ്റവും അവസാനം, എല്ലാവരുടെയും പരിശ്രമത്തിനും പ്രവർത്തനത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
“എപ്പോഴും നമ്മെ അനുഗമിക്കുമെന്ന ദൈവകൃപയിൽ വിശ്വസിച്ചുകൊണ്ട് എന്റെ അനുഗ്രഹം നൽകി ഞാൻ ഉപസംഹരിക്കട്ടെ. സർവശക്തനായ ദൈവത്തിന്റെയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അനുഗ്രഹം നിങ്ങളുടെമേൽ ഇറങ്ങി എപ്പോഴും നിങ്ങളെ അനുഗമിക്കട്ടെ. ആമ്മേൻ” – പാപ്പ ഉപസംഹരിച്ചു.