വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പുതിയ നീതിന്യായ വർഷം ലെയോ പതിനാലാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ അനുഗ്രഹത്തിന്റെ ഹാളിൽ നടന്ന ചടങ്ങിൽ മാർപാപ്പ വത്തിക്കാൻ ജുഡീഷ്യറിയിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. നീതി എന്നത് കേവലം നിയമങ്ങളുടെ നടത്തിപ്പല്ലെന്നും, മറിച്ച് ദൈവജനത്തെ സേവിക്കാനുള്ള സഭയുടെ ശുശ്രൂഷയാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. നീതി, ദാനധർമ്മം, സാമൂഹിക സ്ഥിരത എന്നിവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മാർപാപ്പയുടെ പ്രസംഗം.
യഥാർഥ നീതി എന്നത് കേവലം ലിഖിതനിയമങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അത് ക്രമീകരിക്കപ്പെട്ട ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും മാർപാപ്പ നിരീക്ഷിച്ചു. വി. അഗസ്റ്റിന്റെ പഠിപ്പിക്കലുകളെ മുൻനിർത്തി സംസാരിക്കവെ, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും മറ്റുള്ളവരുടെ അന്തസ്സിനെ ആദരിക്കുകയും ചെയ്യുമ്പോൾ മാത്രമേ വ്യക്തിജീവിതത്തിനും സമൂഹത്തിനും ശരിയായ ദിശാബോധം ലഭിക്കുകയുള്ളൂ എന്ന് പാപ്പ പറഞ്ഞു. ‘പൂർണ്ണമായ ദാനധർമ്മമാണ് പൂർണ്ണമായ നീതി’ എന്ന ദൈവശാസ്ത്ര തത്വവും പാപ്പ ഇതിനോട് കൂട്ടിച്ചേർത്തു.
നീതി നടപ്പിലാക്കുന്നത് സമൂഹത്തിലെ വിഭജനങ്ങൾ ഇല്ലാതാക്കാനും ഐക്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് മാർപാപ്പ പറഞ്ഞു. വിശ്വസ്തതയോടും സത്യത്തോടും കൂടി നീതി നടപ്പിലാക്കുമ്പോൾ അത് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും പരസ്പര വിശ്വാസം കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിനുള്ളിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനപ്പുറം, സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
നീതിന്യായ പ്രക്രിയയിൽ പാലിക്കേണ്ട പ്രധാന മാനദണ്ഡങ്ങളെക്കുറിച്ചു പരാമർശിച്ച പാപ്പ നിഷ്പക്ഷത, പ്രതിരോധത്തിനുള്ള അവകാശം, നടപടിക്രമങ്ങളുടെ കൃത്യമായ ദൈർഘ്യം എന്നിവ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമിപ്പിച്ചു. “നീതിയില്ലാതെ ഒരു രാഷ്ട്രം ഭരിക്കാൻ കഴിയില്ല” എന്ന വി. അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഓരോ കേസിലെയും സത്യാന്വേഷണം സഭയുടെ ദൗത്യത്തിന്റെ ഭാഗമാണെന്നും പാപ്പ വ്യക്തമാക്കി. സത്യത്താലും കാരുണ്യത്താലും പ്രകാശിക്കുന്ന നീതി ദൈവജനത്തിന്റെ ഐക്യത്തിന് വിലയേറിയ ഉപകരണമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മാർപാപ്പ പ്രസംഗം അവസാനിപ്പിച്ചത്.



