അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് വീണ്ടും തുറന്ന് ലെയോ പതിനാലാമൻ പാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെത്തുടർന്ന് ഏപ്രിൽ 21 ന് സീൽ ചെയ്ത അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റ് ലെയോ പതിനാലാമൻ മാർപാപ്പ വീണ്ടും തുറന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നുള്ള ‘സ്വർല്ലോക രാജ്ഞി’ പ്രാർഥനക്ക് ശേഷമാണ് ചടങ്ങ് നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 21-ന്, അപ്പസ്തോലിക് കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റിലും സാന്താ മാർത്തയിൽ ഫ്രാൻസിസ് പാപ്പ ഉപയോഗിച്ചിരുന്ന അപ്പാർട്ട്മെന്റിലും രഹസ്യ നടപടിക്രമങ്ങൾ നടത്തി. വ്യക്തിപരമായ രേഖകൾ സംരക്ഷിക്കുന്നതിനും കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ക്രമീകൃതമായ മാറ്റം ഉറപ്പാക്കുന്നതിനുമായി മാർപാപ്പയുടെ മരണശേഷം ഉടൻ തന്നെ പേപ്പൽ അപ്പാർട്ട്മെന്റുകൾ മുദ്രവച്ച് സുരക്ഷിതമാക്കുന്ന ഒരു പുരാതന പാരമ്പര്യമുണ്ട്.

ലെയോ പതിനാലാമൻ പാപ്പ, കാമർലെംഗോ കർദിനാൾ കെവിൻ ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, പൊതുകാര്യങ്ങളുടെ പകരക്കാരനായ ബിഷപ്പ് എഡ്ഗർ പെന പാര, ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ, പേപ്പൽ ഹൗസ്‌ഹോൾഡിന്റെ റീജന്റ് ബിഷപ്പ് ലിയോനാർഡോ സപിയൻസ എന്നിവരും സന്നിഹിതരായിരുന്നു.

നിലവിൽ, ലെയോ പതിനാലാമൻ പാപ്പ അപ്പസ്തോലിക് കൊട്ടാരത്തിലെ അപ്പാർട്ട്മെന്റിൽ താമസിക്കുമോ അതോ ഫ്രാൻസിസ് മാർപാപ്പ ചെയ്തതുപോലെ സാന്താ മാർത്തയിൽ താമസിക്കുമോ എന്ന് വത്തിക്കാൻ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.