സ്ഥാനാരോഹണ ചടങ്ങിൽ ലെയോ പതിനാലാമൻ പാപ്പ പാലീയവും ‘മുക്കുവന്റെ മോതിരവും’ സ്വീകരിച്ചു

ലെയൊ പതിനാലാമൻ പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷ ഇന്ന് ഔപചാരികമായി ആരംഭിച്ചു. അതേസമയം, റോമിന്റെ മെത്രാൻ കൂടിയായ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പ അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെയ് എട്ടിനു തിരഞ്ഞെടുക്കപ്പെടുകയും ലെയൊ പതിനാലാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയുടെ സമയം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു. പാപ്പ, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വി. പത്രോസിന്റെ കബറിടത്തിങ്കൽ അൽപസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു. അതിനുശേഷം പ്രദക്ഷിണമായി ബലിവേദിയിലെത്തി.

കാണാതെപോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിൻരോമത്താൽ നിർമ്മിതവും കഴുത്തുചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിന്റെ മധ്യഭാഗത്തുകൂടെ മുന്നോട്ടു നീണ്ടുകിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേൽപിക്കപ്പെട്ട ദൗത്യത്തെ പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിന്റെ മൂല്യമുള്ള, ‘വലിയ മുക്കുവന്റെ മോതിരവും’ പാപ്പ ഈ ദിവ്യബലിമധ്യേ സ്വീകരിച്ചു. ലാറ്റിൻ – ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷമാണ് പാപ്പ തന്റെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിച്ചത്.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്തപദവികളിലുള്ള മൂന്നു കർദിനാളാന്മാർ ആയിരുന്നു ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാൾ പാപ്പയെ പാലീയം അണിയിച്ചു. പാലീയവും മോതിരവും സ്വീകരിച്ചതിനുശേഷം പാപ്പ സുവിശേഷമേന്തി ദൈവജനത്തെ ആശീർവദിച്ചു. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. അതിനുശേഷം പാപ്പ സുവിശേഷസന്ദേശം നൽകുകയും ദിവ്യബലി തുടരുകയും ചെയ്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.