
വി. പൗലോസ് ശ്ലീഹായുടെ ശവകുടീരം സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വി. പൗലോസിന്റെ ബസിലിക്ക പാപ്പ സന്ദർശിച്ചത്. പരമ്പരാഗതമായി, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ഒരു റോമൻ ദൈവാലയമാണിത്.
അപ്പസ്തോലന്റെ ശവകുടീരത്തിനുമുന്നിൽ ഒരു നിമിഷത്തെ പ്രാർഥനയ്ക്കുശേഷം, മാർപാപ്പ ഒരു ഹ്രസ്വ പ്രാർഥനാശുശ്രൂഷയ്ക്കു നേതൃത്വം നൽകി. “അവന്റെ വിളിക്ക് വിശ്വസ്തതയോടെ ഉത്തരം നൽകാനുള്ള കൃപ കർത്താവ് എനിക്ക് നൽകട്ടെ” എന്ന് പാപ്പ പറഞ്ഞു.
തന്റെ പ്രസംഗത്തിൽ മാർപാപ്പ, വി. പൗലോസിന്റെ റോമാക്കാർക്കുള്ള ലേഖനത്തിലെ ഒരു വായനയെക്കുറിച്ചു പറഞ്ഞു. അതിൽ കൃപ, വിശ്വാസം, നീതീകരണം എന്നീ മൂന്ന് പ്രധാന വിഷയങ്ങൾ പ്രതിപാദിക്കുന്നു. അത് തന്റെ ശുശ്രൂഷയെ പ്രകാശിപ്പിക്കാൻ സഹായിക്കുമെന്ന് പാപ്പ പറഞ്ഞു. ഈ വിഷയങ്ങളിൽ ആദ്യത്തേതായ ‘കൃപ’ അഥവാ ദൈവത്തിന്റെ സഹായം ചർച്ച ചെയ്തുകൊണ്ടാണ് പാപ്പ ആരംഭിച്ചത്. ദൈവത്തിന്റെ സഹായമില്ലാതെ നമുക്ക് നല്ല ജീവിതം നയിക്കാൻ കഴിയില്ലെന്നും ഈ യാഥാർഥ്യമാണ് എല്ലാ ദൈവവിളിയുടെയും അടിസ്ഥാനമെന്നും പാപ്പ പറഞ്ഞു.
“ദൈവം നമ്മെ സ്നേഹിക്കുന്നു. ഇതാണ് നമ്മുടെ ജീവിതത്തിലെ മഹത്തായ സത്യം. മറ്റെല്ലാം അർഥവത്താക്കുന്നത് അതാണ്” എന്ന ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ഉദ്ധരണിയോടെയാണ് ലെയോ പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.