
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് മാറ്റിവച്ചിരുന്ന വത്തിക്കാനിലെ പുരാതന പാരമ്പര്യം പുനഃസ്ഥാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പ അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി. മാർച്ച് 14 നാണ് ഹോളി സീ പ്രസ് ഓഫീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത സ്ഥിരീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് പത്ത് മാസത്തോളം ഹോളി ഓഫീസ് കൊട്ടാരത്തിലെ താൽക്കാലിക അപ്പാർട്ട്മെന്റിലായിരുന്നു പാപ്പ താമസിച്ചത്. അതിനു ശേഷമാണ് മാർപാപ്പ തന്റെ മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്ക് മാറിയത്.
2013 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞ ശേഷം ദീർഘകാലം ആൾതാമസമില്ലാതെ കിടന്നിരുന്ന ഈ വസതി, വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ഇപ്പോൾ ലെയോ പതിനാലാമനായി സജ്ജമാക്കിയത്. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ കാസ സാന്താ മാർട്ടയിൽ താമസിക്കാനായിരുന്നു താൽപര്യപ്പെട്ടിരുന്നത്. എന്നാൽ, ലെയോ പതിനാലാമൻ ഈ പതിവ് തിരുത്തുകയും അപ്പസ്തോലിക് കൊട്ടാരത്തിനൊപ്പം കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിക്കുന്ന പാരമ്പര്യം പുനരാരംഭിക്കുകയും ചെയ്തു.
പ്രശസ്തമായ ആഞ്ചലൂ സ് പ്രാർഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ പ്രത്യക്ഷപ്പെടുന്ന സ്വകാര്യ പഠനമുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ അപ്പാർട്ട്മെന്റിലുണ്ട്. ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോൺസിഞ്ഞോർ എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും അപ്പസ്തോലിക് കൊട്ടാരത്തിൽ താമസിക്കും.


