
വത്തിക്കാനിൽ വിവിധ ക്രൈസ്തവനേതാക്കളുമായും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. തദവസരത്തിൽ പാപ്പ സിനഡാലിറ്റിക്കും സംഭാഷണത്തിനും ആഹ്വാനം ചെയ്തു. ഈ അവസരത്തിൽ, മറ്റു സഭകളുമായും മതങ്ങളുമായും എക്യുമെനിക്കൽ സംഭാഷണവുമായി ബന്ധപ്പെട്ട് സിനഡാലിറ്റിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ പാരമ്പര്യം തുടരുന്നതിനുള്ള തന്റെ പ്രതിബദ്ധത പാപ്പ വെളിപ്പെടുത്തി.
പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിയിൽ പങ്കെടുത്ത മറ്റു ക്രിസ്ത്യൻ സഭകളുടെയും എക്ലേഷ്യൽ സമൂഹങ്ങളുടെയും മറ്റു മതങ്ങളുടെയും പ്രതിനിധികളെ അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് സ്വകാര്യസദസ്സിനായി പാപ്പ ക്ഷണിച്ചു. അതേസമയം, തന്റെ മുൻഗാമികളായ വി. ജോൺ ഇരുപത്തിമൂന്നാമന്റെയും ഫ്രാൻസിസ് പാപ്പയുടെയും പാരമ്പര്യത്തെ പിന്തുടർന്ന് സഭയുടെ ‘എക്യുമെനിക്കൽ യാത്രയും മതാന്തരസംവാദവും’ തുടരാനുള്ള തന്റെ ആഗ്രവും പരിശുദ്ധ പിതാവ് അറിയിച്ചു. “സിനഡാലിറ്റിയും എക്യുമെനിസവും അടുത്ത ബന്ധമുള്ളവയാണ്. കത്തോലിക്കാ സഭയുടെ സിനഡൽ സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിനും എക്യുമെനിക്കൽ മേഖലയിൽ കൂടുതൽ തീവ്രമായ ഒരു സിനഡാലിറ്റിക്കായി പുതിയതും മൂർത്തവുമായ രൂപങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഫ്രാൻസിസ് പാപ്പയുടെ പ്രതിബദ്ധത തുടരാനും ഞാൻ ആഗ്രഹിക്കുന്നു” – ലെയോ പാപ്പ കൂട്ടിച്ചേർത്തു.
കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ, ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ, അസീറിയൻ പാത്രിയാർക്കീസ് മാർ ആവാ മൂന്നാമൻ എന്നിവരോടുള്ള തന്റെ പ്രത്യേക സാഹോദര്യവാത്സല്യവും പാപ്പ യോഗത്തിൽ പ്രകടിപ്പിച്ചു.