
ഒരു പാപ്പാ, വിശുദ്ധ പത്രോസു മുതൽ അദ്ദേഹത്തിൻറെ അയോഗ്യനായ പിൻഗാമിയായ താനുൾപ്പടെ, ദൈവത്തിന്റെയും സഹോദരങ്ങളുടെയും എളിയ ദാസനാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. മെയ് പത്തിന് വത്തിക്കാനിൽ കർദ്ദിനാൾ സംഘത്തെ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു പാപ്പാ.
ദൈവത്തിൻറെയും സഹോദരങ്ങളുടെയും വിനീത ശുശ്രൂഷകനാണ് പാപ്പായെന്നത് ഫ്രാൻസിസ് പാപ്പയുൾപ്പടെയുള്ള തന്റെ അനേകം മുൻഗാമികൾ ജീവിതം കൊണ്ട് കാണിച്ചു തന്നിട്ടുള്ളതും ലെയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. തൻെറ ശക്തികൾക്ക് അതീതമായ ഒരു വലിയ നുകം പേറുന്നതിൽ തനിക്കുള്ള വലിയ ആശ്വാസം കർദ്ദിനാളന്മാർ പാപ്പായുടെ ഉറ്റ സഹകാരികളാണെന്ന വസ്തുതയാണെന്നും കർത്താവ് തന്നെ ഭരമേല്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അവിടന്ന് തന്നെ ഒറ്റയ്ക്കാക്കില്ല എന്നതാണ് കർദ്ദിനാളന്മാരുടെ സാന്നിധ്യം തന്നെ ഓർപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു.
കർത്താവിൻറെ സഹായത്തിലും പരിപാലനയിലും കർദ്ദിനാളന്മാരുടെയും ലോകത്തിലെ വിശ്വാസികളും സഭാസ്നേഹികളുമായ സഹോദരങ്ങളുടെയും സാമീപ്യത്തിലും പ്രാർത്ഥനാസഹായത്തിലും താൻ ആശ്രയിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. ആരോഗ്യപരമായ കാരണങ്ങളാൽ സന്നിഹിതരാകാൻ കഴിയാതിരുന്ന കർദ്ദിനാളാന്മാരെയും പാപ്പാ അനുസ്മരിക്കുകയും കൂട്ടായ്മയിലും പ്രാർത്ഥനയിലും താൻ അവരോടൊന്നുചേരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
നമ്മുടെ ആത്മാവിൻറെ ഇടയനും കാവലാളുമായ ക്രിസ്തുവാകുന്ന ഏക ശിരസ്സോടു ചേർന്നു നില്ക്കുന്ന അവയവങ്ങളുടെ വൈവിധ്യത്തിൽ ജീവിക്കുന്ന സഭയുടെ യഥാർത്ഥ മഹത്വം എന്താണെന്ന് നാം കണ്ടറിഞ്ഞിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്