
മെയ് പത്തിന് റോമിന് പുറത്തുള്ള ജെനാസാനോയിലെ മദർ ഓഫ് ഗുഡ് കൗൺസിൽ ദേവാലയം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ. അതോടൊപ്പം പാപ്പ മരിയ മജോർ ബസിലിക്കയും സന്ദർശിച്ചു. ഒപ്പം തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിന് മുന്നിൽ പ്രാർഥിക്കുകയും ചെയ്തു.
റോമിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം സെന്റ് അഗസ്റ്റിനിയൻ സന്യാസിമാരുടെ നിയന്ത്രണത്തിലാണ്, കൂടാതെ പരിശുദ്ധ അമ്മയുടെ ഒരു പുരാതന ചിത്രം ഇവിടെയുണ്ട്. സഭയ്ക്കും ലിയോ പതിമൂന്നാമന്റെ ഓർമ്മയ്ക്കും പ്രിയങ്കരമാണ് ഈ ചിത്രമെന്ന് വത്തിക്കാൻ വെളിപ്പെടുത്തി.
വത്തിക്കാൻ പറയുന്നതനുസരിച്ച്, പാപ്പ ദേവാലയത്തിൽ സന്യാസിമാരെ അഭിവാദ്യം ചെയ്തു. തുടർന്ന് അൾത്താരയിലും മരിയൻചിത്രത്തിന്റെ പക്കലും പോയി പ്രാർഥിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നല്ല ഉപദേശകയായ മാതാവിനോടുള്ള പ്രാർഥനയും പരിശുദ്ധ പിതാവ് ചൊല്ലി. “സഭ എന്നെ ഏൽപ്പിച്ച പുതിയ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളിൽ, പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഈ ദൗത്യം നിർവഹിക്കാൻ, ഇവിടെ വരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു. ഈ ദേവാലയം നമുക്ക് ഒരു വലിയ സമ്മാനമാണ്. അമ്മ ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കാത്തതുപോലെ, നിങ്ങളും അമ്മയോട് വിശ്വസ്തരായിരിക്കണം” പാപ്പ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു.