വർഗ്ഗീയത, ദൈവത്തിനെതിരായ പാപം: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ സിംഹാസനം എന്നും തേടുന്നത് സമാധാനവും പരസ്പരധാരണയുമാണെന്ന് ഫ്രാൻസിസ് പാപ്പാ. അമേരിക്കൻ ഐക്യനാടുകളിൽ ഈശോസഭയുടെ കീഴിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണമായ ‘അമേരിക്ക’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ഫ്രാൻസിസ് പാപ്പായുമായുള്ള അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവനയുള്ളത്.

ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്. യുദ്ധത്തിന് അറുതിവരുത്തുന്നതിന് മാദ്ധ്യസ്ഥം വഹിക്കാൻ പരിശുദ്ധ സിംഹാസനത്തിനുള്ള സന്നദ്ധത പാപ്പാ ആവർത്തിച്ചു വെളിപ്പെടുത്തി. അമേരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രീയജീവിതത്തിലും സഭാജീവിതത്തിലും കാണപ്പെടുന്ന ധ്രുവീകരണം, ഭ്രൂണഹത്യയെ രാഷ്ട്രീയവത്ക്കരിക്കുന്ന പ്രവണത, ബാലപീഢനം, വർഗ്ഗീയത, വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാപ്പാ അഭിമുഖത്തിൽ മറുപടി നൽകി.

ധ്രുവീകരണം കത്തോലിക്കസഭയുടെ സ്വഭാവമല്ലെന്നു പറഞ്ഞ പാപ്പാ, സൈദ്ധാന്തികമായ കക്ഷിപക്ഷപാതം സമൂഹത്തിലും സഭയിലും അപകടകരമാണെന്ന് വിശദീകരിച്ചു. ഭ്രൂണഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, ആ പ്രശ്നത്തിന്റെ കൗദാശികമാനത്തെക്കുറിച്ച് പരാമർശിക്കുകയും അത് രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, ഇവിടെ താൻ അവലംബിക്കുന്നത് സംഭാഷണത്തിന്റെ പാതയാണെന്നും സംഭാഷണമാണ് നയോപയത്തിൽ ഏറ്റവും നല്ല മാർഗ്ഗമെന്നും പ്രസ്താവിച്ചു. അത് മന്ദഗതിയിലായിരിക്കാം; ജയപരാജയങ്ങൾ പ്രകടമാകാം. എന്നാൽ മറ്റൊരു മാർഗ്ഗം താൻ കാണുന്നില്ലയെന്നും പാപ്പാ പറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.