തിന്മയുടെ ശക്തികളാൽ നിറഞ്ഞിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്: ഫ്രാൻസിസ് മാർപാപ്പ

തിന്മയുടെ ശക്തികളാൽ നിറഞ്ഞിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഉക്രൈൻ സംഘർഷത്തെ ചൂണ്ടിക്കാണിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 12- ന് ഉക്രൈനുമായുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകാത്മകമായി നടന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

എലിജ ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. റൊമാനിയയുടെ അതിർത്തിയിൽ നിന്ന് 25 മൈൽ അകലെ തെക്കുപടിഞ്ഞാറൻ ഉക്രൈനിലെ ചെർനിവറ്റ്സി നഗരത്തിലാണ് ഈ സമ്മേളനം നടന്നത്. “ഉക്രൈൻ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിവിധ മതനേതാക്കൾ പ്രാർത്ഥനയുടെയും സാഹോദര്യത്തിന്റെയും ഈ നിമിഷത്തിന് മുൻകൈയ്യെടുത്തതിന് ഞാൻ നന്ദി പറയുന്നു. ഇത് വിശ്വാസികളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ദുർബലരായ നിരവധി ആളുകൾ യുദ്ധം മൂലം ദുരിതമനുഭവിക്കുകയാണ്” – പാപ്പാ പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുത്തവരോട് തന്റെ ആത്മീയ അടുപ്പം അറിയിച്ച മാർപാപ്പ, യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്തവരെ സ്വാഗതം ചെയ്തുകൊണ്ട് ഉക്രേനിയക്കാർക്ക് യഥാർത്ഥ അയൽക്കാരായ മാറിയ ആളുകളോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.