മറഞ്ഞിരിക്കുന്ന വിഗ്രഹങ്ങൾ ഉപയോഗിച്ച് പിശാച് വൈദികരെ പ്രലോഭിപ്പിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

ക്രിസ്തുവിൽ നിന്ന് വൈദികരെ അകറ്റാൻ പിശാച് ഒളിഞ്ഞിരിക്കുന്ന പല വിഗ്രഹങ്ങളും ഉപയോഗിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 14 പെസഹാദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പരിശുദ്ധ കുർബാനയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“എല്ലാ മനുഷ്യരിലും മറഞ്ഞിരിക്കുന്ന ചില വിഗ്രഹങ്ങളുണ്ട്. ആ വിഗ്രഹങ്ങളെ തിരിച്ചറിയാതെ നാം മുന്നോട്ട് പോകുമ്പോൾ, നമ്മൾ നമ്മിൽത്തന്നെ പിശാചിന് സ്ഥലമൊരുക്കുകയാണ് ചെയ്യുന്നത്” – പാപ്പാ പറഞ്ഞു. തങ്ങളുടെ പ്രലോഭനങ്ങൾ യേശുവിന്റെ മുമ്പാകെ സമർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ വൈദികരെ പ്രോത്സാഹിപ്പിച്ചു. അതുവഴി അവർക്ക് ആ പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വത്തിക്കാനിൽ നടന്ന പരിശുദ്ധ കുർബാനയിൽ റോമിലെ ബിഷപ്പ് കൂടിയായ പാപ്പാ രോഗീലേപന തൈലവും തൈലാഭിഷേക തൈലവും ആശീർവദിച്ചു. വരുംവർഷത്തിൽ കൂദാശകൾക്കായി രൂപതയിൽ ഉപയോഗിക്കേണ്ടതിനാണിത്. 2500 -ഓളം വരുന്ന വിശ്വാസികളാണ് പാപ്പാ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ പങ്കുചേർന്നത്. അതുപോലെ 1800 -ഓളം വരുന്ന വൈദികരും ഓൺലൈനിലൂടെ ഈ പരിശുദ്ധ ബലിയിൽ പങ്കുചേരുകയും പൗരോഹിത്യ സ്വീകരണദിവസം അവർ എടുത്ത വാഗ്ദാനങ്ങളെ നവീകരിക്കുകയും ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.