യുദ്ധം രാഷ്ട്രീയത്തിന്റെ തോൽവി: ഫ്രാൻസിസ് പാപ്പാ

യുദ്ധം രാഷ്ട്രീയത്തിന്റെ തോൽവിയാണെന്നും അത് തിന്മയുടെ ശക്തികൾക്കു മുമ്പിലുള്ള കീഴടങ്ങലാണെന്നും ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് 2022 ഏപ്രിൽ 14 -ന് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ ആമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറയുന്നത്.

വിദ്വേഷം ഹൃദയങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്യണമെന്ന് റഷ്യൻ – ഉക്രേനിയൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ സാധ്യമായ ഒരു ആണവയുദ്ധത്തിന്റെ വിപത്തിനെ സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഈ ഇറ്റാലിയൻ ഗ്രന്ഥത്തിൽ ഫ്രാൻസിസ് മാർപാപ്പ യുദ്ധത്തെക്കുറിച്ച് നടത്തിയ പ്രധാന പരാമർശങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഒരു വർഷം മുൻപ് ഇറാഖിലേക്ക് നടത്തിയ യാത്രയിൽ, യുദ്ധം വിതച്ച നാശങ്ങളെ ഞാൻ നേരിട്ട് ദർശിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിനു ശേഷം യൂറോപ്പിലും ഒരു യുദ്ധം പൊട്ടിപുറപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. റോമിലെ ബിഷപ്പായുള്ള എന്റെ സേവനത്തിന്റെ തുടക്കം മുതൽ, ഞാൻ മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്” – പാപ്പാ പറഞ്ഞു. അത്യാഗ്രഹം, അസഹിഷ്ണുത, അധികാരമോഹം എന്നിവയാണ് യുദ്ധത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.