അക്ഷീണം പ്രവർത്തിക്കുന്ന ഒരാളായിരുന്നു ഫ്രാൻസിസ് മാർപാപ്പ: കർദിനാൾ ഫെർണാണ്ടസ്

അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയ്ക്കായി നടത്തിയ ആറാം ദിനത്തിലെ ദിവ്യബലിയിൽ, ജോലിയുടെ മഹത്വത്തിന് ഫ്രാൻസിസ് പാപ്പ നൽകിയ പ്രാധാന്യത്തിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ് കർദിനാൾ ഫെർണാണ്ടസ്.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും പോലെ വത്തിക്കാനിലും പൊതു അവധി ദിവസമായ മെയ് ഒന്ന്, വ്യാഴാഴ്ച കോൺക്ലേവിനുള്ള തയ്യാറെടുപ്പുകൾക്കായി കോളേജ് ഓഫ് കാർഡിനൽസ് ഒരു പൊതുസമ്മേളനം നടത്തിയില്ല. എന്നിരുന്നാലും, അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ദുഃഖാചരണമായ നോവെംഡിയേൽസിന്റെ ആറാമത്തെ കുർബാനയ്ക്കായി നിരവധി അംഗങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒത്തുകൂടിയിരുന്നു.

തന്റെ മരണശേഷം ഫ്രാൻസിസ് മാർപാപ്പ ‘ക്രിസ്തുവിനോട് പൂർണ്ണമായും ഐക്യപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് കർദിനാൾ ഫെർണാണ്ടസ് തന്റെ പ്രസംഗം ആരംഭിച്ചത്. മെയ് ഒന്ന്, അന്താരാഷ്ട്ര തൊഴിലാളിദിനം കൂടിയാണെന്ന് അർജന്റീനിയൻ കർദിനാൾ ഊന്നിപ്പറഞ്ഞു. അന്തരിച്ച മാർപാപ്പ പറഞ്ഞതുപോലെ, “ജോലി മനുഷ്യന്റെ അന്തസ്സിനെ പ്രകടിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.”

“നമ്മുടെ കഴിവുകൾ വികസിപ്പിക്കാൻ ഇത് നമ്മെ അനുവദിക്കുന്നു. നമ്മുടെ ബന്ധങ്ങളിൽ വളരാൻ ഇത് നമ്മെ സഹായിക്കുന്നു. ഈ ലോകത്തെ പരിപാലിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ദൈവത്തിന്റെ സഹകാരികളാണെന്നു തോന്നാൻ ഇത് നമ്മെ അനുവദിക്കുന്നു” – കർദിനാൾ ഫെർണാണ്ടസ് പറഞ്ഞു. മനുഷ്യാന്തസ്സ് പ്രോത്സാഹിപ്പിക്കുക എന്നതിനർഥം ആളുകളെ അവരുടെ ഉള്ളിലുള്ള എല്ലാ നന്മകളും വികസിപ്പിക്കാനും ദൈവം അവർക്കു നൽകിയ ദാനങ്ങൾ ഉപയോഗിച്ച് ഉപജീവനം കണ്ടെത്താനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രാപ്തരാക്കുക എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.