
ജനുവരിയിൽ റെക്കോർഡ് ചെയ്‌ത ഒരു വീഡിയോ സന്ദേശം പാപ്പയുടെ മരണശേഷം പുറത്തിറങ്ങി. യുവജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിച്ച വീഡിയോയിൽ മറ്റുള്ളവരെ, പ്രത്യേകിച്ച് പ്രായമായവരെ ശ്രവിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് പാപ്പ ഓർമ്മപ്പെടുത്തി. ജനുവരി എട്ടിന് സാന്താ മാർത്തയിലെ വസതിയിൽ വച്ച് റെക്കോർഡ് ചെയ്തതാണ് ഈ വീഡിയോ. മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾ നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്.
ഫ്രാൻസിസ് പാപ്പ ഈ വീഡിയോയിൽ ഇറ്റാലിക്കാരനായ ലൂക്കാ ഡ്രൂസിയൻ നയിക്കുന്ന ‘ലിസണിംഗ് വർക്ഷോപ്പുകളിൽ’ പങ്കെടുക്കുന്ന യുവാക്കളെ അഭിസംബോധന ചെയ്താണ് സംസാരിച്ചിരിക്കുന്നത്. വത്തിക്കാൻ മീഡിയയുടെ അഭിപ്രായത്തിൽ, ഈ ശിൽപശാലകൾ യുവാക്കളെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. “പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളേ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ശ്രവിക്കുക, ശ്രവിക്കാൻ പഠിക്കുക എന്നതാണ്” – മാർപാപ്പ വീഡിയോയിൽ പറഞ്ഞു.
പ്രതികരിക്കുന്നതിന് മുമ്പ് മറ്റൊരാളെ സംസാരം പൂർത്തിയാക്കാൻ അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പ വിശദീകരിച്ചു: “ആരെങ്കിലും നിങ്ങളോട് സംസാരിക്കുമ്പോൾ, അത് അവസാനിക്കുന്നതുവരെ കാത്തിരിക്കുക, അങ്ങനെ നിങ്ങൾക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയും, തുടർന്ന് നിങ്ങൾക്ക് വേണമെങ്കിൽ പ്രതികരിക്കുക.” സമാധാനത്തിന് കാരണമാകാത്ത സംഭാഷണത്തിനിടയിൽ ആളുകൾ പലപ്പോഴും തടസ്സപ്പെടുത്തുന്നുവെന്നും പാപ്പ മുന്നറിയിപ്പ് നൽകി.
യുവജനങ്ങളെ അവരുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നത് കേൾക്കാൻ പാപ്പ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.