പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുക: ഏഷ്യൻ മെത്രാൻസമിതിയോട് ഫ്രാൻസിസ് പാപ്പാ

1970-ൽ ആരംഭിച്ച ഏഷ്യൻ മെത്രാൻസമിതി, 2022 ഒക്ടോബർ 12 മുതൽ 30 വരെ തീയതികളിൽ മലേഷ്യയിലെ ബാങ്കോക്കിൽ നടത്തിവരുന്ന സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശമയച്ചു. പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുകയെന്ന് ഏഷ്യൻ മെത്രാൻസമിതിയോട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വിധിവാദത്തിൽ നിന്ന് ഉണർന്നെണീറ്റ്, മെച്ചപ്പെട്ട ഒരു ജീവിതശൈലിയിലേക്ക് ഉയരുന്ന ഒരു സമൂഹമാണ് ഏഷ്യയിലേതെന്നാണ് മെത്രാന്മാർ അഭിപ്രായപ്പെട്ടത്. ചെറുപ്പക്കാരും കൂടുതൽ ഉണർവ്വുള്ള, ആദർശവാദികളായ, ഭാവിയെക്കുറിച്ച് ചിന്തയുള്ള ആളുകളായി മാറുന്ന ഒരു സാഹചര്യമായിരുന്നു ഇവിടെ. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭവനമായാണ് ഏഷ്യ അറിയപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ, ക്രൈസ്‌തവ സഭ, ദരിദ്രരുടെയും യുവജനങ്ങളുടെയും ഏഷ്യയിലെ മറ്റു വിശ്വാസ സമൂഹങ്ങളുമായുള്ള പരസ്പര സംവാദങ്ങളുടെയും സഭയായി മാറാൻ വിളിക്കപ്പെട്ട ഒരു സമൂഹമാണ്.

സഹോദര്യത്തോടെയും ആശയകൈമാറ്റങ്ങൾക്കായും ഇപ്പോൾ ഒരുമിച്ചു കൂടിയിരിക്കുന്ന ഏഷ്യൻ മെത്രാൻസമിതിയിയോട് തന്റെ സാമീപ്യം അറിയിക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പാപ്പാ, പ്രാദേശിക മെത്രാൻസമിതികൾ ദൃഢനിശ്ചയത്തോടെയും താല്പര്യത്തോടെയും ഒരുമിച്ചുവരണമെന്നും അതുവഴി സഭ രൂപപ്പെടുന്നതിനും ക്രിസ്തുമാർഗ്ഗത്തിലുള്ള യാത്രയിൽ ശക്തിപ്പെടുന്നതിനും കാരണമാകണമെന്നും പാപ്പാ പറഞ്ഞു. ഏഷ്യയിലെ സഭകളോട് ആത്മാവ് എന്താണ് പറയുന്നത് എന്ന ഒരു ചോദ്യത്തിനാണ് ഏഷ്യൻ മെത്രാൻസമിതി ഉത്തരം നൽകേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അത്മായർ മാമ്മോദീസായിൽ തങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും വിശ്വാസികളെന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഓരോ സഭയുടെയും ഏകത്വത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ, ആഗോള സഭ ഏകീകൃതസഭ എന്നതിനേക്കാൾ, ഓരോ വ്യക്തിഗത സഭകളുടെയും പ്രത്യേകതകൾ മാനിക്കുന്ന സാർവ്വത്രിക സഭയാണെന്ന് ഉദ്‌ബോധിപ്പിച്ചു.

എല്ലാവർക്കും തന്റെ അനുഗ്രഹങ്ങൾ നേരുകയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്‌തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.