മെയ് 15- ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന പത്തുപേർ

മെയ് 15- ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നത് പത്തുപേരെയാണ്. അതിലൊരാൾ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അത്മായൻ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയാണ്. അവരിൽ നാല് പുതിയ സന്യാസിനീ സമൂഹം സ്ഥാപിച്ചിട്ടുള്ള നാല് സന്യാസിനിമാരും ഉൾപ്പെടുന്നു. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന പത്തുപേരുടെ ജീവചരിത്ര വിവരണമാണ് ചുവടെ ചേർക്കുന്നത്.

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള

1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന രക്തസാക്ഷി ലാസറിന്റെ അഥവാ ദേവസഹായം പിള്ളയുടെ ജന്മസ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡ വര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്നു ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന് 1745 മെയ് 17- ന് ജ്ഞാനസ്‌നാനം സ്വീകരിച്ച ദൈവസഹായം പിള്ള തുടര്‍ന്ന് തടങ്കലിലായി. നാല് കൊല്ലത്തെ കാരാഗൃഹവാസത്തിനു ശേഷം അദ്ദേഹത്തെ 1752 ജനുവരി 14- ന് രാജശാസനപ്രകാരം വെടിവച്ചു കൊല്ലുകയായിരുന്നു. 2012 ഡിസംബര്‍ രണ്ടിന് ബനഡിക്ട് പതിനാറാമന്‍ പാപ്പായാണ് ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൂക്കോൾഡ്

1858- ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലാണ് വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫൂക്കോൾഡ് ജനിച്ചത്. കൗമാരപ്രായത്തിൽ അദ്ദേഹം വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചിരുന്നു. എന്നാൽ ഒരിക്കൽ മൊറോക്കോയിലേക്കുള്ള യാത്രയിൽ, മുസ്ലീങ്ങൾ തങ്ങളുടെ വിശ്വാസത്തോട് എത്രമാത്രം അർപ്പണബോധമുള്ളവരാണെന്ന് അദ്ദേഹം കണ്ടു. ഈ കാഴ്ച വിശ്വാസത്തിലേക്ക് മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തുടർന്ന് ആശ്രമജീവിതം തിരഞ്ഞെടുത്ത് അദ്ദേഹം ഫ്രാൻസിലെയും സിറിയയിലെയും ആശ്രമങ്ങളിൽ താമസിച്ചു. തുടർന്ന് ഒരു സന്യാസി എന്ന നിലയിൽ തന്റെ ജീവിത രീതി കൂടുതൽ കഠിനമാക്കാൻ അദ്ദേഹം തീരുമാനിച്ചു. 1901- ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ചാൾസ് ദരിദ്രർക്കിടയിലാണ് ജീവിച്ചത്. ഒടുവിൽ അൾജീരിയയിലെ തമൻറാസെറ്റിൽ താമസമാക്കി.1916- ൽ ഒരു കൊള്ളസംഘത്താൽ അദ്ദേഹം വധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രചനകൾ അദ്ദേഹത്തിന്റെ മരണശേഷം, ‘യേശുവിന്റെ ചെറിയ സഹോദരിമാർ; യേശുവിന്റെ ചെറിയ സഹോദരന്മാർ’ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിന് പ്രചോദനമായി.

വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്‌സ്‌മ

1881- ൽ നെതർലാൻഡ്‌സിലെ ഒഗെക്ലോസ്റ്ററിൽ ജനിച്ച വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്‌സ്‌മ 1898- ൽ കർമ്മലീത്ത സഭയിൽ പ്രവേശിച്ചു. 1905- ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തുടർ പഠനത്തിനായി റോമിലേക്ക് പോയി. അവിടെ നിരവധി ഡച്ച് പത്രങ്ങളുടെയും മാസികകളുടെയും ലേഖകനായിരുന്നു ഫാ. ടൈറ്റസ്. തിരികെ നാട്ടിലെത്തിയ അദ്ദേഹം ‘കാർമെൽറോസൻ’ എന്ന മാസിക സ്ഥാപിച്ചു.1935- ൽ ഡച്ച് കാത്തലിക് ജേണലിസ്റ്റ്സ് അസോസിയേഷന്റെ ചാപ്ലിൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധ സമയത്ത്, യഹൂദന്മാരെ സംരക്ഷിക്കുകയും നാസി പ്രചാരണം അച്ചടിക്കരുതെന്ന് കത്തോലിക്കാ പത്രങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റിലായ അദ്ദേഹത്തെ കോൺസെന്ററഷൻ ക്യാമ്പിലേക്ക് അയച്ചു. 1942- ൽ തന്റെ 61- മത്തെ വയസ്സിൽ, വിഷം കുത്തിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചതും അവിടെ തന്നെയാണ്.

വാഴ്ത്തപ്പെട്ട മേരി റിവിയർ

ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത്, ഫ്രാൻസിലെ ആശ്രമങ്ങളും മഠങ്ങളും നിർബന്ധിതമായി അടയ്ക്കപ്പെട്ടു. അവിടെയുള്ള വൈദികരും സന്യാസിനികളും വധിക്കപ്പെടാനും തുടങ്ങി. ആ സമയത്താണ് 1796- ൽ 28- വയസ്സുള്ള മേരി റിവിയർ ഒരു സന്യാസിനി സഭ സ്ഥാപിച്ചത്. ‘കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ദ പ്രസന്റേഷൻ ഓഫ് മേരി’ എന്നാണ് ഈ സന്യാസിനി സഭയുടെ പേര്. വിശ്വാസത്തിലധിഷ്ഠിതമായ യുവതികളുടെ വിദ്യാഭ്യാസമായിരുന്നു ഈ സന്യാസ സഭയുടെ ലക്‌ഷ്യം.1801- ലാണ് പ്രസ്തുത സഭയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്.

സന്ധിബന്ധങ്ങളിലെ നീർക്കെട്ടുമൂലം റിവിയർ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും റിവിയർ തന്റെ ഇടവകയിലെ വിദ്യാവിഹീനരായ യുവതികളെ പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് ഒരു സന്യാസസഭ സ്ഥാപിച്ചപ്പോഴും റിവിയറിന്റെ ലക്‌ഷ്യം യുവതികളുടെ വിദ്യാഭ്യാസമായിരുന്നു. 1838- ലാണ് റിവിയർ മരണമടയുന്നത്. ഇന്ന് പ്രസന്റെഷൻ സിസ്റ്റേഴ്സ് ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിയായി വ്യാപിച്ചുകഴിഞ്ഞു.

വാഴ്ത്തപ്പെട്ട മരിയ ഫ്രാൻസെസ്ക ഓഫ് ജീസസ്

ഉറുഗ്വേ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിലെ കപ്പൂച്ചിൻ സഹോദരിമാരുടെ സന്യാസസഭ സ്ഥാപിക്കാൻ ബോട്ടിൽ ഏഴു തവണ അറ്റ്ലാന്റിക് സമുദ്രം കടന്ന 19-ാം നൂറ്റാണ്ടിലെ മിഷനറിയാണ് മരിയ ഫ്രാൻസെസ്ക. 1844- ൽ റ്റുറിന്നിലാണ് അന്ന മരിയ റുബാട്ടോ എന്ന മരിയ ഫ്രാൻസെസ്ക ജനിച്ചത്. അവൾക്ക് നാലാം വയസ്സിൽ അമ്മയെയും 19-ാമത്തെ വയസ്സിൽ അച്ഛനെയും നഷ്ടമായി. എന്നും ദേവാലയത്തിൽ പോവുകയും മുടങ്ങാതെ പ്രാർത്ഥിക്കുകയും ചെയ്തിരുന്ന മരിയ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത് നാല്പതാമത്തെ വയസ്സിലാണ്.

ഒരിക്കൽ ദേവാലയത്തിൽ മരിയ പതിവ് പ്രാർത്ഥന നടത്തുകയായിരുന്നു. അപ്പോഴാണ് ഒരു കെട്ടിട നിർമ്മാണ പ്രവർത്തകന്റെ പരിക്കേറ്റതുമൂലമുള്ള നിലവിളി മരിയ കേൾക്കുന്നത്. പരിക്കേറ്റ തൊഴിലാളിയെ മരിയ ശുശ്രൂഷിച്ചു, മുറിവുകൾ വച്ചുകെട്ടി, മരുന്ന് പുരട്ടി. ആ തൊഴിലാളി നിർമ്മിച്ചുകൊണ്ടിരുന്നത് ഒരു മഠത്തിന്റെ കെട്ടിടമായിരുന്നെന്ന് പിന്നീടാണ് മരിയ മനസിലാക്കിയത്. കപ്പൂച്ചിൻ സന്യാസിനിമാരാണ് ഈ നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. അവർ മരിയയെ കപ്പൂച്ചിൻ സഹോദരിമാരുടെ സന്യാസസഭയുടെ സഹസ്ഥാപകയായി ക്ഷണിച്ചു. ‘സിസ്റ്റേഴ്സ് ഓഫ് റുബാട്ടോ’ എന്നാണ് ഈ സന്യാസസഭ ഇപ്പോൾ അറിയപ്പെടുന്നത്. ഇന്ന് എറിത്രിയ, എത്യോപ്യ, കെനിയ, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി ഈ സന്യാസസഭ വ്യാപിച്ചുകഴിഞ്ഞു.

വാഴ്ത്തപ്പെട്ട സെസാർ ഡെ ബസ്

1544- ൽ ഫ്രാൻസിൽ ജനിച്ച സെസാർ, ‘ഫാദേഴ്‌സ് ഓഫ് ക്രിസ്ത്യൻ ഡോക്ട്രിൻ’ എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകനാണ്. വിദ്യാഭ്യാസത്തിനും അജപാലന ശുശ്രൂഷയ്ക്കും മതബോധനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു സന്യാസസഭയാണിത്. അദ്ദേഹത്തിന്റെ മുപ്പതാമത്തെ വയസിൽ ലഭിച്ച ഒരു ക്രിസ്താനുഭവമാണ് തന്റെ ജീവിതം പ്രാർത്ഥനയ്ക്കും പാവപ്പെട്ടവരെ സഹായിക്കാനും സമർപ്പിക്കാൻ പ്രേരിപ്പിച്ചത്. 1582- ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, സ്വയം വരച്ച ചിത്രങ്ങളും എഴുതിയ പാട്ടുകളും കവിതകളും ഉപയോഗിച്ച്, അത്മായർക്ക് മതബോധനം നൽകിയിരുന്നു. 1607- ലാണ് വാഴ്ത്തപ്പെട്ട സെസാർ ഡെ ബസ് അന്തരിച്ചത്.

വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ

ഇറ്റാലിയൻ വൈദികനും ‘ദരിദ്രരുടെ സഹോദരിമാർ’ എന്ന സന്യാസ സഭയുടെ സ്ഥാപകനുമാണ് വാ. ലൂയിജി മരിയ പാലാസോളോ. 1827- ൽ ജനിച്ച അദ്ദേഹം 1850- ലാണ് വൈദികനായി അഭിഷിക്തനായത്. അക്കാലത്ത് ഇറ്റലിയിൽ ധാരാളം വൈദികരുണ്ടായിരുന്നു. സമ്പന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന ഈ വൈദികർ സ്വന്തം ഭവനങ്ങളിൽ താമസിച്ചുകൊണ്ടാണ് കർത്തവ്യങ്ങൾ അനുഷ്ഠിച്ചിരുന്നത്. എന്നാൽ ഫാ. ലൂയിജി ദരിദ്രരോടൊപ്പം താമസിച്ച് യുവാക്കൾക്കായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചു. ചെറുപ്പക്കാരായ ആൺകുട്ടികൾക്കും യുവാക്കൾക്കും വായനയിലും എഴുത്തിലും സായാഹ്ന ക്ലാസുകൾ നൽകുന്ന ഒരു സ്കൂൾ അദ്ദേഹം സ്ഥാപിച്ചു. അത് മാത്രമല്ല, പെൺകുട്ടികൾക്കായി മറ്റൊരു വിദ്യാലയം തുറക്കുകയും അതിന്റെ മേൽനോട്ടത്തിനായി ‘ദരിദ്രരുടെ സഹോദരിമാർ’ എന്ന സന്യാസമൂഹം സ്ഥാപിക്കുകയും ചെയ്‌തു.

വാഴ്ത്തപ്പെട്ട ജിയുസ്റ്റിനോ മരിയ റുസോലില്ലോ

ഇറ്റലിക്കാരനായ വാ. ജിയുസ്റ്റിനോ മരിയ റുസോലില്ലോ 1913- ലാണ് പൗരോഹിത്യം സ്വീകരിച്ചത്. അന്നുതന്നെ പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കുമുള്ള വിളികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സന്യാസസമൂഹം സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ അതിനായുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ബിഷപ്പ് തടഞ്ഞു. പിന്നീട് അദ്ദേഹം പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ‘സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ്’ എന്ന സന്യാസസഭ സ്ഥാപിച്ചു.

വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി

‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി’ എന്ന സന്യാസസഭയുടെ സഹസ്ഥാപകയാണ് വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി. രോഗികളെയും അനാഥരെയും ദരിദ്രരെയും ശുശ്രൂഷിക്കുക എന്നതാണ് ഈ സന്യാസസഭ ലക്‌ഷ്യം വയ്ക്കുന്നത്. ഇരുപത്തി നാലാമത്തെ വയസ്സിൽ മരിയ അമലോത്ഭവ മാതാവിന്റെ രൂപത്തിന്റെ മുന്നിൽ വച്ച് തന്റെ കന്യകാത്വം ദൈവത്തിന് സമർപ്പിച്ചു. 1892- ൽ, തന്റെ ഇരുപത്തൊമ്പതാമത്തെ വയസ്സിൽ, 15 വയസ്സുമുതൽ തന്റെ ആത്മീയ പിതാവായിരുന്ന ഫാ. ജൂസെപ്പെ നാസിംബെനിയോട് ചേർന്ന് ഹോളി ഫാമിലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകയായി. 40 വർഷം ഈ സന്യാസസഭയുടെ സുപ്പീരിയറായിരുന്ന മരിയ ഡൊമെനിക്ക തന്നെയാണ് ഈ സന്യാസസഭയുടെ നിയമാവലിയും എഴുതിയത്. 1934- ലാണ് വാ. മരിയ ഡൊമെനിക്ക നിത്യസമ്മാനത്തിന് യാത്രയായത്. ഇന്ന് ഇറ്റലിയിലും മറ്റ് അനേകം രാജ്യങ്ങളിലുമായി ഈ സന്യസസഭയ്ക്ക് 150 മഠങ്ങളും 1,200 അംഗങ്ങളുമുണ്ട്.

വാഴ്ത്തപ്പെട്ട മരിയ ഓഫ് ജീസസ് സാന്റോകനാൽ

‘കപ്പൂച്ചിൻ സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് മേരി ഓഫ് ലൂർദിന്റെ’ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട കരോളിന സാന്റോകനാൽ. 1910- ൽ സിസിലിയിലാണ് ഈ സന്യാസസഭ സ്ഥാപിതമായത്. 1852- ൽ പലേർമോയിൽ ജനിച്ച കരോളിനയ്ക്ക് ചെറുപ്പം മുതലേ തന്റെ ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തന്റെ ആത്മീയ പിതാവായ ഫാ. മൗറോ വെനുട്ടിയുടെ നിർദ്ദേശങ്ങൾ പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കാൻ അവൾ തീരുമാനിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സുമുതൽ കരോളിനയിൽ ആരോഗ്യപ്രശ്നങ്ങൾ ദൃശ്യമാകാൻ തുടങ്ങി. തുടർന്ന് ഒരു വർഷത്തോളം അവൾ പൂർണമായും കിടപ്പിലായിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കരോളിന ഫ്രാൻസിസ്കൻ ആത്മീയത സ്വീകരിച്ചു. മുപ്പത്തൊമ്പതാമത്തെ വയസ്സിൽ വ്രതങ്ങൾ എടുത്ത കരോളിനയ്ക്ക് മണിക്കൂറുകൾ സക്രാരിയുടെ മുന്നിൽ ചിലവിടുന്ന പതിവുണ്ടായിരുന്നു. തന്റെ ജീവിതകാലത്ത് കരോളിന ഒരു അനാഥാലയം സ്ഥാപിക്കുകയും അനേകരെ സമർപ്പിത ജീവിതത്തിലേക്ക് നയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന് ഈ സന്യാസസഭ അൽബേനിയ, ബ്രസീൽ, ഇറ്റലി, മഡഗാസ്കർ എന്നിവിടങ്ങളിലായി വ്യാപിച്ചു കഴിഞ്ഞു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.