
റോമിൽ വി. മോനിക്കയുടെ ശവകുടീരത്തിൽ പ്രാർഥിക്കുന്നതിനായി സെന്റ് അഗസ്റ്റിൻ ബസിലിക്കയിലേക്ക് അപ്രതീക്ഷിതസന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ. റോമിലെ ചരിത്രപ്രസിദ്ധകേന്ദ്രമായ പിയാസ നവോനയ്ക്കു സമീപമുള്ള ബസിലിക്ക പാപ്പ സന്ദർശിച്ചു പ്രാർഥിച്ചത് വി. മോനിക്കയുടെ തിരുനാൾദിനമായ ആഗസ്റ്റ് 27-നാണ്.
വി. മോനിക്കയുടെ ശവകുടീരം സന്ദർശിച്ചശേഷം ഫ്രാൻസിസ് മാർപാപ്പ, ‘തീർഥാടകരുടെ മാതാവ്’ എന്നറിയപ്പെടുന്ന ‘മഡോണ ഓഫ് ലൊറെറ്റോ’യ്ക്കു മുന്നിൽ അല്പസമയം പ്രാർഥനയിൽ ചെലവഴിച്ചു. റോമിലെ പിയാസ നവോനയുടെ സമീപമാണ് സെന്റ് അഗസ്റ്റിൻ ബസിലിക്ക സ്ഥിതിചെയ്യുന്നത്. ബസിലിക്കയിൽ, പതിനാറാം നൂറ്റാണ്ടിലെ ‘മഡോണ ഓഫ് സേഫ് ഡെലിവറി’ എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ രൂപവുമുണ്ട്. അവിടെ നിരവധി സ്ത്രീകൾ സുഖപ്രസവം നടക്കാനായി പ്രാർഥിക്കാൻ വരാറുണ്ട്.
തന്റെ പുത്രനായ അഗസ്റ്റിന്റെ മാനസാന്തരത്തിനായി വർഷങ്ങളോളം പ്രാർഥിച്ച വ്യക്തിയാണ് വി. മോനിക്ക. ഇന്ന് സഭയിൽനിന്ന് അകന്നിരിക്കുന്ന കുടുംബാംഗങ്ങളുടെ മധ്യസ്ഥയായി ഈ വിശുദ്ധ അറിയപ്പെടുന്നു. അമ്മമാർ, ഭാര്യമാർ, വിധവകൾ, വിവാഹബന്ധത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നവർ, പീഡനത്തിന് ഇരയായവർ എന്നിവരുടെ മധ്യസ്ഥയാണ് വി. മോനിക്ക.
ഇത് ആദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ സെന്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിതസന്ദർശനം നടത്തുന്നത്. 2020-ൽ വി. മോനിക്കയുടെ തിരുനാൾദിനത്തിൽ ശവകുടീരം സന്ദർശിക്കുകയും 2013 ആഗസ്റ്റ് 28-ന് സെന്റ് അഗസ്റ്റിന്റെ തിരുനാൾദിനത്തിൽ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.