നൈജീരിയയിലെ പ്രളയം: പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ

അതിരൂക്ഷമായ മഴയിലും പ്രളയത്തിലുംപെട്ട് ബുദ്ധിമുട്ടുന്ന നൈജീരിയൻ ജനതക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൈജീരിയയിൽ തുടരുന്ന മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അവിടുത്തെ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. നിരവധി ആളുകളെയാണ് ഈ പ്രകൃതിദുരന്തത്തിൽ കാണാതായത്.

ഒക്ടോബർ 19-ന് വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാ വേളയിലാണ് നൈജീരിയക്കു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്. “ഈയൊരു വൻവിപത്തിൽപെട്ട് ജീവൻ നഷ്ടപ്പെടുകയോ, ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്ത ആളുകൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ഈ സഹോദരീസഹോദരന്മാർക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാർഢ്യവും സഹായസഹകരണങ്ങളും കുറയാതിരിക്കട്ടെ” – പാപ്പാ ആശംസിച്ചു.

നൈജീരിയയിലെ മുപ്പത്തിമൂന്ന് സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം ആളുകൾ അഭയാർത്ഥികേന്ദ്രങ്ങളിലുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഈ വർഷാരംഭം മുതൽ ഏതാണ്ട് അറുന്നൂറിലധികം ആളുകളാണ് മഴക്കെടുതികൾ മൂലം മരണമടഞ്ഞത്. മൂന്നുലക്ഷത്തി മുപ്പതിനായിരത്തോളം ഹെക്ടർ ഭൂമിയിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുന്നു. ശക്തമായ ഈ പ്രകൃതിദുരന്തത്തിന്റെ മുൻപിലാണ് അവിടുത്തെ ജനതക്കു വേണ്ടി പ്രാർത്ഥനക്കായി പാപ്പാ ആഹ്വാനം ചെയ്തത്.

ഇതേ ദിവസം നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയും പാപ്പാ നൈജീരിയക്കു വേണ്ടി പ്രാർത്ഥന ആവശ്യപ്പെട്ടു. “നൈജീരിയയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ഇത്തരമൊരു വിനാശകരമായ ദുരന്തത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ ആളുകൾക്കും വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. അവർക്ക് നമ്മുടെ ഐക്യദാർഢ്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും കുറയാതിരിക്കട്ടെ” എന്നായിരുന്നു പാപ്പായുടെ സന്ദേശം.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.