ദൈവത്തിലും അവിടുന്ന് നിങ്ങളെ പരിപാലിക്കുന്നതിലും വിശ്വാസമർപ്പിക്കുക: മാർപാപ്പാ

നമ്മുടെ ജീവിതത്തിൽ ഉള്ള ദൈവസാന്നിധ്യത്തെ ബോധപൂർവം ഓർക്കുകയും അവിടുത്തെ കരം പിടിക്കുകയും ചെയ്യുവാൻ ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനയിലാണ് പാപ്പാ ദൈവ പരിപാലനയെക്കുറിച്ച് വിശ്വാസികളോട് സംസാരിച്ചത്.

“കർത്താവ് എപ്പോഴും നമ്മെ അനുഗമിക്കുന്നു എന്ന ഉറപ്പിൽ നമുക്ക് ഭയമില്ലാതെ നടക്കാം. കർത്താവ് കടന്നുപോകുമ്പോൾ നമുക്ക് ഉറങ്ങാതെ അവിടുത്തെ കാത്തിരിക്കാം. ചില സമയങ്ങളിൽ നമുക്ക് അവിശ്വാസവും ഉത്കണ്ഠയും അനുഭവപ്പെടാം. ഇത് പരാജയത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നുണ്ടാകുന്നതാണ്. അംഗീകരിക്കപ്പെടാത്തതിന്റെ, സ്നേഹിക്കപ്പെടാത്തതിന്റെ, നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാത്തതിന്റെ ഒക്കെ ഭയം. പരിഹാരങ്ങൾ കണ്ടെത്താനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള ഇടം കണ്ടെത്താനും വസ്തുക്കളും സമ്പത്തും ശേഖരിക്കാനും സുരക്ഷിതത്വം നേടാനുമുള്ള പോരാട്ടത്തിലേക്ക് ആണ് ഭയം നമ്മെ നയിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ഭയം അസമാധാന പൂർണ്ണമായ ജീവിതത്തിലേയ്ക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.” പാപ്പാ പറഞ്ഞു.

ഭയവും ആകുലതയും നമ്മെ കീഴ്പ്പെടുത്തുമ്പോൾ ക്രിസ്തു നമ്മെ ആശ്വസിപ്പിക്കുന്നു. ഭയപ്പെടേണ്ട എന്ന് അവിടുന്ന് നമ്മോട് പറയുന്നു. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതെല്ലാം നൽകാൻ ആഗ്രഹിക്കുന്ന പിതാവിൽ വിശ്വസിക്കുക. അവൻ ഇതിനകം തന്റെ പുത്രനെയും അവന്റെ രാജ്യവും നിങ്ങൾക്ക് നൽകിയിട്ടുണ്ട്. എല്ലാ ദിവസവും നിങ്ങളെ പരിപാലിക്കുന്ന തന്റെ കരുതലിനൊപ്പം അവൻ എപ്പോഴും നിങ്ങളെ അനുഗമിക്കും. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.