ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാളിന്റെ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് മാർപാപ്പ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാളിന്റെ മൃതസംസ്കാര ശുശ്രൂഷക്ക് നേതൃത്വം നൽകി ഫ്രാൻസിസ് മാർപാപ്പ. ഓഗസ്റ്റ് 11-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ചായിരുന്നു കർദ്ദിനാൾ ജോസെഫ് ടോംകോയുടെ മൃതസംസ്‌കാര ചടങ്ങുകൾ. വീൽചെയറിൽ ഇരുന്നുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ശുശ്രൂഷകളിൽ പങ്കെടുത്തത്.

കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയുടെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, റോമൻ കൂരിയയിലെ മറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. കർദ്ദിനാൾ ടോംകോ തന്റെ 98-മത്തെ വയസ്സിൽ അന്തരിച്ചുവെന്നും അദ്ദേഹം കർദ്ദിനാൾ കോളേജിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാളാണെന്നും കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റെ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

ആഗസ്റ്റ് എട്ടിന് റോമിൽ വച്ച് അന്തരിച്ച കർദ്ദിനാൾ ടോംകോയുടെ മരണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ സ്ലൊവാക്യൻ കർദ്ദിനാൾ ജനങ്ങളുടെ സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ പ്രിഫെക്റ്റ് എമെരിറ്റസായിരുന്നു. 1962 – ൽ ആയിരുന്നു അദ്ദേഹം കർദ്ദിനാൾ പദവിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.