നിങ്ങളുടെ ശബ്‍ദം മറ്റുള്ളവർ ശ്രവിച്ചില്ലെങ്കിൽ, കൂടുതൽ ഉച്ചത്തിൽ പറയുക: യുവജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ

ശബ്ദമുയർത്താനും സ്വന്തം ഭാവിയ്ക്കുവേണ്ടി വാദിക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പ്രാഗിൽ നടക്കുന്ന യൂറോപ്പിയൻ യുവജന സമ്മേളനത്തിലെ അംഗങ്ങൾക്കുള്ള സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യുവജനങ്ങൾ ശബ്ദമുയർത്തുക. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റുള്ളവരെ അറിയിക്കുക. അവർ നിങ്ങളെ ശ്രവിച്ചില്ലെങ്കിൽ കൂടുതൽ ശബ്ദത്തിൽ അവ വിളിച്ചു പറയുക. നിങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങളുടെ അധ്യാപകർക്ക് അവരുടെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാനുള്ള കടമയുള്ളതുപോലെ, നിങ്ങൾക്ക് ഏറ്റവും മികച്ചത് സ്വീകരിക്കാനും അവ ആവശ്യപ്പെടാനും അവകാശമുണ്ട്. മാത്രമല്ല, മനുഷ്യരാശിയെ പൂർണമായും നിങ്ങൾ തുറന്ന കണ്ണുകളോടെ സ്വീകരിക്കണം”- പാപ്പാ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിനെതിരെ പോരാടിയ യുവാവായ വാഴ്ത്തപ്പെട്ട ഫ്രാൻസ് ജാഗർസ്റ്റാറ്ററെക്കുറിച്ചും പാപ്പാ ഈ അവസരത്തിൽ പ്രസ്താവിച്ചു.

യൂറോപ്പിയൻ യൂണിയൻ യുവജന സമ്മേളനം ജൂലൈ 11 മുതൽ 13 വരെ പ്രാഗിലാണ് നടക്കുന്നത്. ‘സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു യൂറോപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുക’ എന്നതാണ് യുവജന സമ്മേളനത്തിന്റെ പ്രമേയം. യൂറോപ്പിന്റെ ഒരു പുതിയ മുഖം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഒരു ദൗത്യം യൂറോപ്പിലെ യുവജനങ്ങൾക്കുള്ളതായും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.