ഇന്നത്തെ ലോകത്തെ വിശകലനം ചെയ്‌ത്‌, ഒരു നല്ല നാളെയെ സ്വപ്‌നം കാണാൻ പഠിക്കുക: ഫ്രാൻസിസ് പാപ്പാ

മറ്റുള്ളവരുമായി ഐക്യത്തിൽ ജീവിച്ച് നല്ല ഒരു നാളെയെ മുൻപിൽ കണ്ടു ജീവിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ബോയ്നോസ് ഐറെസ് അതിരൂപതയുടെ ഇരുപത്തിയഞ്ചാമത് സാമൂഹ്യ അജപാലന ദിനത്തിലേക്ക് അയച്ച കത്തിലാണ് ഇപ്രകാരം ഓർമ്മിപ്പിച്ചത്. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് വരെ ഫ്രാൻസിസ് മാർപാപ്പായുടെ അതിരൂപതയായിരുന്നു ഇത്.

സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും, പൊതുവായ ചോദ്യങ്ങൾ നേരിടുവാനും, ഒരുമിച്ച് പ്രാർത്ഥിക്കാനും, വിചിന്തനം ചെയ്യാനും, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും ഉദ്ദേശിച്ചുള്ള സാമൂഹ്യ അജപാലനദിനം പോലെയുള്ള സമ്മേളനങ്ങൾ വിശുദ്ധ പൗലോസിന്റെ ഉപദേശം പോലെ, തിന്മയെ നന്മകൊണ്ട് വിജയിക്കാനുള്ള ഒരു അവസരമാണെന്ന് പാപ്പാ എഴുതി. സാമൂഹ്യസേവനമോ പദ്ധതികൾ വിഭാവനം ചെയ്യലോ മാത്രമല്ല, മറ്റുള്ളവരോട് ബഹുമാനപുരസ്സരമുള്ള പെരുമാറ്റത്തിലൂടെ അവരിൽ നമ്മുടെ സഹോദരനെ കണ്ടെത്താനുള്ള ഒരു അവസരമാണ് ഇതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

യുദ്ധങ്ങളും ആണവായുധങ്ങളുടെ ഭീഷണിയും, മഹാവ്യാധികളും അവ സൃഷ്‌ടിച്ച ദുരിതാവസ്ഥകളും, പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, ചൂഷണം, വലിച്ചെറിയൽ സംസ്കാരം തുടങ്ങിയ തിന്മകൾ സൃഷ്ടിക്കുന്ന ആഗോള വ്യവസ്ഥയുടെ മുൻപിൽ എപ്രകാരം ഒരു നല്ല ഭാവി സാധ്യമാകും എന്ന ചിന്തയും ഇത്തരം സമ്മേളനങ്ങളിൽ ചിന്താവിഷയമാകണമെന്ന് പാപ്പാ തന്റെ കത്തിൽ എഴുതി.

നന്മതിന്മകൾ നിറഞ്ഞ ഒരു ലോകത്ത് ഭിന്നതയുടെ വിത്തുകൾ പാകാതെ, ഐക്യത്തിൽ വളരാൻ നാം ശ്രമിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒരു ചരിത്രത്തിന്റെയും സഭയുടെയും മക്കളെന്ന നിലയിൽ ഒറ്റയ്ക്കല്ല നാം സഞ്ചരിക്കുന്നതെന്ന ബോധ്യത്തിൽ മുൻപോട്ട് പോകാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.