
മരണത്തിനു മുൻപ്, മിഡിൽ ഈസ്റ്റിലെ യുദ്ധവും മാനുഷികപ്രതിസന്ധിയും ഏറ്റവും കൂടുതൽ ബാധിച്ച സമൂഹങ്ങളിലൊന്നായ ഗാസയിലെ കുട്ടികളെ സഹായിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ തന്റെ പോപ്പ്‌മൊബൈലുകളിലൊന്ന് ഒരു മൊബൈൽ ക്ലിനിക്കാക്കി മാറ്റി സംഭാവന ചെയ്തു. കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറലായ പീറ്റർ ബ്രൂണിന്റെ അഭിപ്രായത്തിൽ, 2014 മെയ് മാസത്തിൽ വിശുദ്ധനാട്ടിലേക്കുള്ള യാത്രയിൽ പാപ്പ ബെത്‌ലഹേം സന്ദർശിച്ചപ്പോൾ ഉപയോഗിച്ച പോപ്പ്‌മൊബൈലാണിത്.
യാത്രയ്ക്കു ശേഷം, ഈ വാഹനം പലസ്തീൻ നഗരത്തിലെ ഒരു പൊതുസ്ക്വയറിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പരിക്കേറ്റവരും പോഷകാഹാരക്കുറവുള്ളവരുമായ കുട്ടികൾക്ക് വൈദ്യസഹായം നൽകുക എന്നതാണ് നവീകരിച്ച് ഉപയോഗിക്കുന്ന ഈ പോപ്പ്‌മൊബൈലിന്റെ ലക്ഷ്യമെന്ന് ബ്രൂൺ വിശദീകരിച്ചു.
ഇസ്രായേലുമായുള്ള സംഘർഷത്തിനിടയിൽ ഭക്ഷണമോ, ശുദ്ധജലമോ, അടിസ്ഥാന വൈദ്യസഹായമോ ലഭിക്കാതെ ഏകദേശം പത്തുലക്ഷം കുട്ടികൾ കുടിയിറക്കപ്പെട്ട ഗാസയിലെ ഗുരുതരമായ മാനുഷിക അടിയന്തരാവസ്ഥയോടു പ്രതികരിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ മാർപാപ്പ ഈ സംരംഭം കാരിത്താസ് ജറുസലേമിനെ ഏൽപിച്ചിരുന്നു. ‘പ്രതീക്ഷയുടെ വാഹനം’ എന്ന പേരിൽ, പോപ്പ്മൊബൈലിൽ അവശ്യ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ദ്രുത രോഗനിർണ്ണയ കിറ്റുകൾ, സിറിഞ്ചുകൾ, വാക്സിനുകൾ, ഓക്സിജൻ, റഫ്രിജറേറ്റഡ് മരുന്നുകൾ, മറ്റ് സുപ്രധാന സാധനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ മേഖലയിൽ പരിചയസമ്പന്നരായ കാരിത്താസ് ജറുസലേമിൽ നിന്നുള്ള ഡ്രൈവർമാരും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫും ആയിരിക്കും ക്ലിനിക്ക് പ്രവർത്തിപ്പിക്കുന്നത്. “ഗാസയിലെ ആരോഗ്യസംവിധാനം ഏതാണ്ട് തകർന്നിരിക്കുന്ന ഈ സമയത്ത് ജീവൻ രക്ഷിക്കുന്നതിനായുള്ള തക്ക സമയത്തുള്ള ഇടപെടലാണിത്. ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടിസ്ഥാന പരിചരണം നൽകുകയും കുട്ടികളുടെ അവകാശങ്ങളും അന്തസ്സും എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെ, മാനുഷിക സഹായം പുനഃസ്ഥാപിച്ചാലുടൻ പലസ്തീൻ പ്രദേശത്ത് മൊബൈൽ പീഡിയാട്രിക് ക്ലിനിക് വിന്യസിക്കപ്പെടും. ഇത് വെറുമൊരു മെഡിക്കൽ ഉപകരണം മാത്രമല്ല, ലോകം ഗാസയിലെ കുട്ടികളെ മറന്നിട്ടില്ല എന്നതിന്റെ പ്രതീകമാണ്” – ബ്രൂൺ വിശദീകരിച്ചു.
ഫ്രാൻസിസ് മാർപാപ്പ അവസാനമായി പോപ്പ്‌മൊബൈലിൽ സഞ്ചരിച്ചത് മരണത്തിന് ഒരുദിവസം മുൻപ്, ഏപ്രിൽ 20 ഞായറാഴ്ച ഈസ്റ്റർ ദിനത്തിലായിരുന്നു. ആ യാത്രയ്ക്കിടെ കാൻസർ ബാധിച്ച ഒരു കുട്ടിയെയും നിരവധി കുഞ്ഞുങ്ങളെയും അനുഗ്രഹിക്കാൻ വാഹനം പലതവണ നിർത്താൻ പാപ്പ ആവശ്യപ്പെടുകയും ചെയ്തിരുന്നു.