ഉക്രൈനു വേണ്ടി വീണ്ടും പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

യുദ്ധം മൂലം ഉക്രൈനിലെ ജനജീവിതം താറുമാറായ സാഹചര്യത്തിൽ ഉക്രൈനു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 28 ബുധനാഴ്ച, വത്തിക്കാനിൽ വച്ചു നടത്തിയ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്റെ അവസാനത്തിലാണ് ഉക്രൈനു വേണ്ടി പാപ്പാ വീണ്ടും പ്രാർത്ഥന അഭ്യർത്ഥിച്ചത്.

ഉക്രൈനിലേക്ക് സഹായഹസ്‌തവുമായി നടത്തിയ നാലാമത് യാത്രക്കു ശേഷം കർദ്ദിനാൾ ക്രയേവ്സ്‌കി സെപ്റ്റംബർ 28 ബുധനാഴ്ച രാവിലെ തിരികെയെത്തിയതിനെക്കുറിച്ചും പാപ്പാ തദവസരത്തിൽ സംസാരിച്ചു. കർദ്ദിനാളിൽ നിന്ന്, ഉക്രൈനിലെ അതികഠിനമായ സ്ഥിതിഗതികളെ കുറിച്ച് തനിക്ക് അറിയാൻ കഴിഞ്ഞുവെന്ന് പാപ്പാ പറഞ്ഞു. ഈയൊരു സാഹചര്യത്തിൽ, ഉക്രൈൻ ജനതയെ മറക്കാതിരിക്കാമെന്നും അടിച്ചമർത്തപ്പെട്ട ഈ ജനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഉക്രൈൻ ജനത നേരിടുന്ന പ്രതിസന്ധി പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങൾ ഉൾപ്പെടെ സാധിക്കുന്നയിടങ്ങളിലെല്ലാം ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുന്നതിലേക്ക് എല്ലാവരെയും ക്ഷണിക്കാനും പാപ്പാ പരിശ്രമിക്കുന്നുണ്ട്. ഇറ്റാലിയൻ ഭാഷയിൽ ആളുകളുമായി സംവദിക്കവെയാണ് പാപ്പാ ഈയൊരു അഭ്യർത്ഥന വീണ്ടും നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.