വത്തിക്കാൻ നയതന്ത്രരംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന കർദ്ദിനാളിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

മാർച്ച് 26-ന് അന്തരിച്ച ജർമ്മൻ കർദ്ദിനാൾ കാൾ-ജോസഫ് റൗബറിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. 88 വയസായിരുന്നു അദ്ദേഹത്തിന്. കർദ്ദിനാൾ കാൾ-ജോസഫ് റൗബറിന് ക്രിസ്തുവിനോട് ഉണ്ടായിരുന്ന സ്നേഹത്തെയും വത്തിക്കാൻ നയതന്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

“കർത്താവ് തന്റെ ദാസനായ കർദ്ദിനാൾ കാൾ-ജോസഫ് റൗബറിനെ ഈ ക്ഷണികമായ ലോകത്തിൽ നിന്ന് നിത്യതയിലേക്ക് വിളിച്ചിരിക്കുന്നു എന്ന വാർത്ത വളരെ സങ്കടത്തോടെയാണ് എനിക്ക് ലഭിച്ചത്. സഭയുടെ ഒരു യഥാർത്ഥ ഇടയനെന്ന നിലയിൽ, കർദ്ദിനാളിന്റെ സേവനങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്താൽ നിറഞ്ഞിരുന്നു.”- പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.

കർദ്ദിനാൾ റൗബർ 1934 ഏപ്രിൽ 11-ന് ജർമ്മനിയിലെ ന്യൂറെംബർഗിൽ ജനിച്ചു. റോമിൽ കാനൻ നിയമം പഠിച്ച അദ്ദേഹം പൊന്തിഫിക്കൽ എക്‌ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. 1959 ഫെബ്രുവരി 28-ന് മെയിൻസിൽ വെച്ച് വൈദികനായി അഭിഷിക്തനായി. 1982 ഡിസംബർ 18-ന് ജിയുബാൽസിയാനയിലെ ടൈറ്റുലർ ആർച്ച് ബിഷപ്പായും ഉഗാണ്ടയിലെ പ്രോ അപ്പോസ്‌തോലിക് നൂൺഷ്യോയായും അദ്ദേഹത്തെ തിരഞ്ഞെടുത്തു, 1983 ജനുവരി 6-ന് മെത്രാഭിഷേകം സ്വീകരിച്ചു. 1990 ജനുവരിയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ പൊന്തിഫിക്കൽ സഭാ അക്കാദമിയുടെ പ്രസിഡന്റായി നിയമിച്ചു.

അദ്ദേഹം സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റീൻ, ഹംഗറി, മോൾഡോവ, ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ അപ്പസ്തോലിക് നുൺഷ്യോ ആയിരുന്നു. 2015 ഫെബ്രുവരി 14-ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.