ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ വത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിശദീകരിച്ച് മാർപാപ്പ

ഉക്രൈനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വത്തിക്കാൻ നിരന്തരം ശ്രദ്ധാലുവാണ്. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശത്തോടെ ആരംഭിച്ച സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ബഹ്‌റൈനിലേക്കുള്ള അപ്പസ്‌തോലിക സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

വത്തിക്കാൻ ഇക്കാര്യത്തിൽ തുടർച്ചയായി ശ്രദ്ധാലുവാണെന്നും സ്റ്റേറ്റ് സെക്രട്ടറി അതിനായി പ്രവർത്തിക്കുകയാണെന്നും മാർപാപ്പ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് താൻ വത്തിക്കാനിലെ റഷ്യൻ എംബസിയിൽ പോയി അംബാസഡർ അലക്‌സാണ്ടർ അവ്‌ദേവുമായി സംസാരിക്കുകയും ആവശ്യമെങ്കിൽ പ്രസിഡന്റ് പുടിനുമായി സംസാരിക്കാൻ മോസ്കോയിലേക്ക് പോകാൻ തയ്യാറാണെന്ന് പറയുകയും ചെയ്തുവെന്നും മാർപാപ്പ അനുസ്മരിച്ചു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി താൻ രണ്ടു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. പിന്നീട് അംബാസഡറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അനുരഞ്ജന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പരിശുദ്ധ സിംഹാസനം വേണ്ടത് ചെയ്യുന്നുണ്ട്.

“ഉക്രൈനിലെ യുദ്ധത്തിൽ, തന്നെ ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്ന കാര്യം ആ ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. അത് റഷ്യൻ ജനതയിൽ നിന്നല്ല. റഷ്യൻ ജനത ഒരു വലിയ ജനതയാണ്. മറിച്ച് കൂലിപ്പടയാളികളിൽ നിന്നാണ് ആ ക്രൂരത. സാഹസികമായി യുദ്ധത്തിനു പോകുന്ന സൈനികരിൽ നിന്ന്” – പാപ്പാ ചൂണ്ടിക്കാട്ടി.

റഷ്യൻ, ഉക്രേനിയൻ ജനതയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. “കുട്ടിക്കാലത്ത് താൻ ഉക്രൈനിൽ നിന്നു വന്ന ഒരു പുരോഹിതന്റെ അൾത്താര ബാലനായിരുന്നു. അദ്ദേഹം എന്നെ ഉക്രേനിയൻ ഭാഷയിൽ കുർബാന അർപ്പിക്കാൻ പഠിപ്പിച്ചു. ഉക്രേനിയൻ ഭാഷയിൽ വിശുദ്ധ കുർബാനയുടെ പാട്ടുകളെല്ലാം എനിക്കറിയാം. ഞാനത് കുട്ടിക്കാലത്ത് പഠിച്ചിട്ടുണ്ട്. അതിനാൽ, ഉക്രേനിയൻ ആരാധനക്രമത്തോട് എനിക്ക് വലിയ വാത്സല്യമുണ്ട്” – പാപ്പാ അനുസ്മരിച്ചു.

യുദ്ധത്തിന്റെ തുടക്കം ഒരുപക്ഷേ, വളരെ ധീരമായിട്ടായിരിക്കാം തുടങ്ങുന്നത്. എന്നാൽ, പിന്നീടത് ക്ഷീണിപ്പിക്കുകയും വളരെ ദോഷം ചെയ്യുകയും ചെയ്യുന്നു. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ നാം ഇപ്പോൾ കൺമുൻപിൽ കാണുന്നുണ്ട് എന്നും പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.