ഉക്രൈൻ യുദ്ധത്തെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായി സംസാരിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ യുദ്ധത്തെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നോട് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ പത്തിന് വത്തിക്കാനിൽ വച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്.

സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചയിൽ, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെയും യൂറോപ്യൻ കമ്മീഷന്റെയും പൊതുവായ പ്രതിബദ്ധതയെക്കുറിച്ച് ഇരുപാർട്ടികളും ചർച്ച ചെയ്‌തു. ഒപ്പം തന്നെ ഇവർ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചർച്ചാവിഷയമായിരുന്നു. യുദ്ധം ഉണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ചും യൂറോപ്യൻ കമ്മീഷന്റെ വരുംകാല ഘടനയെക്കുറിച്ചും ഇവർ സംസാരിച്ചുവെന്ന് ഹോളി സീ പ്രസ്സ് ഓഫീസ് അറിയിച്ചു.

“ഉക്രൈനിൽ വേദനിക്കുന്നവരോടൊപ്പം ഞങ്ങളുമുണ്ട്. ഈ യുദ്ധം അവസാനിക്കണം. യൂറോപ്പിൽ സമാധാനം നിറയണം” – മാർപാപ്പായെ സന്ദർശിച്ച ശേഷം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു. 2021 മെയിലും ഉർസുല പാപ്പായെ സന്ദർശിച്ചിരുന്നു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദ്ദിനാൾ പിയാത്രോ പരോളിനുമായും വിദേശകാര്യമന്ത്രിയായ ആർച്ചുബിഷപ്പ് പോൾ ഗല്ലഗറുമായും ഉർസുല അന്നേ ദിവസം കൂടിക്കാഴ്ച നടത്തി. 27 അംഗരാജ്യങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക യൂണിയനാണ് യൂറോപ്യൻ കമ്മീഷൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.