ബുർക്കിന ഫാസോയിലെ തീവ്രവാദി ആക്രമണത്തിൽ അപലപിച്ച് ഫ്രാൻസിസ് പാപ്പ

ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ തന്റെ വേദനയും പ്രാർഥനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ ഒന്നിന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കുശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അനുസ്മരിച്ചത്.

“ആഗസ്റ്റ് 24 ശനിയാഴ്ച, ബുർക്കിന ഫാസോയിലെ ബർസലോഗോയിലുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കുന്നു. മനുഷ്യജീവനു നേരെയുള്ള മ്ലേച്ഛമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നു. രാജ്യത്തെ മുഴുവൻ ആളുകളോടുമുള്ള എന്റെ അടുപ്പവും ഇരകളുടെ കുടുംബങ്ങളോടുള്ള എന്റെ അനുശോചനവും ഞാൻ പ്രകടിപ്പിക്കുന്നു. ബുർക്കിന ഫാസോയിലെ പ്രിയപ്പെട്ട ജനങ്ങളെ, അവരുടെ സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാൻ പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ” – പരിശുദ്ധ പിതാവ് പറഞ്ഞു.

ആഗസ്റ്റ് 24-ന് ബർസലോഗോ ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തിൽ 26 ക്രിസ്ത്യാനികൾ ഉൾപ്പെടെ 150-ലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) റിപ്പോർട്ട് ചെയ്തു. അവിടെ, കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് 150 ആണെങ്കിലും മരണസംഖ്യ 250 കവിഞ്ഞേക്കാമെന്നും 150 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സംഘടന പുറത്തുവിടുന്ന വിവരങ്ങളിൽ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.