കോംഗോയിലെ ജനങ്ങൾക്ക് വേണ്ടി പരിശുദ്ധ കുർബാന അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

റോമിലെ കോംഗോ ജനതയ്ക്കുവേണ്ടി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പരിശുദ്ധ കുർബാനയർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വി. തോമാശ്ലീഹായുടെ തിരുനാൾ ദിനമായ ജൂലൈ മൂന്നിനാണ് പാപ്പാ ആഫ്രിക്കൻ ജനതയ്ക്കുവേണ്ടി പ്രത്യേകം ബലിയർപ്പിച്ചത്.

“കോംഗോയിൽ സമാധാനം നിറയുന്നതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ക്രൈസ്തവർ സമാധാനത്തിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. അനുരഞ്ജനം സാധ്യമല്ലെന്ന പ്രലോഭനത്തെ അതിജീവിക്കാൻ കഴിവുള്ളവനാണ് ഓരോ ക്രിസ്ത്യാനിയും. നിങ്ങൾ സമാധാനത്തിലാണെങ്കിൽ ക്രിസ്തു നിങ്ങളുടെ കൂടെ വസിക്കുകയും നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്യും”- പാപ്പാ പറഞ്ഞു.

കോംഗോയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ആക്രമണങ്ങൾ നടക്കുന്നുണ്ട്. 16,000- ത്തിലധികം യുഎൻ സമാധാന സേനാംഗങ്ങൾ അവിടെ ഉണ്ടായിട്ടും അനേകം സായുധ സംഘങ്ങളാണ് കോംഗോയുടെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്നത്. ആക്രമണം അവസാനിപ്പിക്കാൻ പ്രാദേശിക കത്തോലിക്കാ ബിഷപ്പുമാർ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ട്.

ജൂലൈ മൂന്നിന് പാപ്പാ ആഫ്രിക്കയിലെ കിൻസ്ഹാസയിൽ ബലിയർപ്പിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് പാപ്പാ ആഫ്രിക്കയിലേക്കുള്ള അപ്പോസ്തോലിക യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലാഗറായിരുന്നു ദിവ്യബലിയുടെ മുഖ്യ കാർമ്മികൻ. പരിശുദ്ധ കുർബാനനയർപ്പണസമയത്ത് കാല് വേദനമൂലം ഇരിപ്പിടത്തിലായിരുന്ന പാപ്പാ സുവിശേഷ സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.