കാമറൂണിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ക്രിസ്ത്യാനിയായി ജീവിക്കുന്നതിൽ വളരെയധികം ഭീഷണി നേരിടുന്ന ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാൻ, ‘അവിശ്വാസികളിൽ’ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക തീവ്രവാദസംഘടനയായ ബോക്കോ ഹറാം ക്രിസ്ത്യാനികളെ ആക്രമിക്കുന്നത്.

ഇപ്പോഴും യുദ്ധവും അസമാധാനവും തുടരുന്ന കാമറൂണിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കാമറൂണിലെ ജനങ്ങളുടെ പ്രത്യാശ ദൈവം നിലനിർത്തുമെന്നും ഐക്യത്തിലും സമാധാനത്തിലും എത്തിച്ചേരാനുള്ള സംവാദത്തിന്റെ വഴികൾ തുറക്കപ്പെടുമെന്നും മാർപാപ്പ പറഞ്ഞു.
2017-ൽ കാമറൂണിലെ വിഘടനവാദികൾ അംബസോണിയ എന്നറിയപ്പെടുന്ന ഒരു പുതിയ രാഷ്ട്രം രൂപീകരിക്കാൻ ശ്രമിച്ചതോടെയാണ് ‘ആംഗ്ലോഫോൺ പ്രതിസന്ധി’ അല്ലെങ്കിൽ കാമറൂണിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. വർഷങ്ങളായി തുടരുന്ന ആഭ്യന്തരകലഹങ്ങളിൽ കുറഞ്ഞത് 6,000 പേരെങ്കിലും മരിക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.